കൊടുങ്ങല്ലൂര്‍ ക്ഷേത്രം

alternatetext

കൊടുങ്ങല്ലൂര് ക്ഷേത്രത്തിന്ന് ഭഗവതീക്ഷേത്രമെന്ന നിലയ്ക്കാണ് ഏറെ പ്രസിദ്ധിയെങ്കിലും ശിവനും ഇവിടെ മുഖ്യദേവനാണെന്ന് 108 ശിവാലയസ്‌തോത്രത്തില് പറയുന്നു. കേരളത്തില് ഭദ്രകാളിയെ ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് ഇത് എന്നും പറയപ്പെടുന്നു.

മാതൃസത്ഭാവം എന്ന ഗ്രന്ഥത്തില് കോടി ക്ഷേത്രത്തിലാണ് ഭദ്രകാളിയെ കുടിയിരുത്തിയതെന്നും വളരെയധികം താന്ത്രികവിദ്യകള് ഇതിനു വേണ്ടി പ്രയോഗിച്ച ശേഷമാണ് കുടിയിരുത്താന് കഴിഞ്ഞതെന്നും പറയുന്നു. കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹത്താലാണ് കുഞ്ഞിക്കുട്ടന് തമ്പുരാന് മഹാഭാരതം അനായാസേന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എന്നൊരു വിശ്വാസമുണ്ട്.

പുരാണങ്ങള് പ്രകാരം, ദുഷ്ടനായ ദാരികാസുരനില് നിന്ന് സമസ്തലോകത്തെയും രക്ഷിക്കാന് പരമശിവന്റെ തൃക്കണ്ണില് നിന്നാണ് ഭദ്രകാളി ജനിക്കുന്നത്. ദാരികനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയെ ശാന്തയാക്കാന് വേണ്ടി ഭൂതഗണങ്ങള് തെറിപ്പാട്ടും ബലിയുമായി നൃത്തമാടിയെന്നും അപ്പോള് കോപം ശമിച്ച് ദേവി സന്തുഷ്ടയായെന്നുമാണ് കഥ.

ആ സംഭവത്തിന്റെ പ്രതീകാത്മകമായ അനുഷ്ഠാനമാണ് കൊടുങ്ങല്ലൂര് ഭരണി എന്നാണ് ഐതിഹ്യം. മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാരപൂജയിലൂടെ ദേവി പ്രസാദിക്കും എന്നാണ് വിശ്വാസം. ഇന്നത്തെ ദേവിക്ഷേത്രത്തില്‌നിന്നും ഏകദേശം 300 മീറ്റര് തെക്ക് മാറി ദേശീയപാത 17നോട് ചേര്ന്ന് റോഡിന്റെ കിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദര്ശനമായി ശ്രീകുരുംബമ്മക്ഷേത്രവും ശ്രീകുരുംബക്കാവും സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് ചേരന് ചെങ്കുട്ടവന് പത്തിനിക്കടവുള് പ്രതിഷ്ഠ നടത്തിയത്.

എന്നാല് പരശുരാമന് തപസ്സ് ചെയ്തു ദേവിയെ ഇവിടെ പ്രത്യക്ഷപ്പെടുത്തിയെന്നും മഹാമേരുചക്രത്തില് ദേവിയെ ആവാഹിച്ചെടുത്ത് പ്രതിഷ്ഠിച്ചെന്നും മറ്റൊരു ഐതിഹ്യം ഉണ്ട്. പിന്നീട് ശങ്കരാചാര്യരാണ് ദേവിയെ ഇന്നത്തെ ക്ഷേത്രത്തില് മാറ്റി പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. മീനഭരണിയുടെ തലേ ദിവസം നടത്തപ്പെടുന്ന അശ്വതിപൂജ തൃച്ചന്ദന ചാര്ത്ത് എന്നും അറിയപ്പെടുന്നു. ദാരികനുമായുള്ള യുദ്ധത്തില് ദേവിക്കുണ്ടായ മുറിവുകള്ക്കുള്ള ചികിത്സയെയാണ് തൃച്ചന്ദന ചാര്ത്തല് പൂജയെ സങ്കല്പ്പിക്കുന്നത്. തുടര്ന്ന് ഏഴുദിവസം നടയടച്ച് നടതുറപ്പുവരെയുള്ള ദിവസങ്ങളില് നടത്തപ്പെടുന്ന പൂജകളെ ദേവിയുടെ വിശ്രമവും പൂര്ണ്ണ ആരോഗ്യത്തിനുവേണ്ട ചികിത്സാക്രമങ്ങളായിട്ടാണ് സങ്കല്പം.

ഭരണി ഉത്സവം ആരംഭിച്ചതിനെപ്പറ്റി നിരവധി നിഗമനങ്ങളുണ്ട്. ചോഴന്മാരെ നേരിടാന് പുറപ്പെടുന്നതിനു മുമ്പ് ആത്മീയമായും സാമുദായികമായും ഉന്നതി കൈവരിക്കാന് കുലശേഖരരാജാവ് രാമവര്മ്മകുലശേഖരന് നടത്തിയ ഏതെങ്കിലും യജ്ഞത്തിന്റെ ആചാരമായിട്ടു ഭരണി ഉത്സവത്തെ കണക്കാക്കുന്നു..

ചതുരാകൃതിയിലുള്ള ചുറ്റമ്പലത്തിനുള്ളിലാണ് ശ്രീകോവില്. ധ്വജപ്രതിഷ്ഠയില്ല എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഈ ക്ഷേത്രത്തിനു മുന്നില് നിരവധി അരയാലും, പേരാലും ഉണ്ട്. ക്ഷേത്ര നിര്മ്മാണശൈലി പരിശോധിക്കുമ്പോള് ശിവക്ഷേത്രത്തിന് വളരെ പ്രാധാന്യം നല്കിയിട്ടുള്ളതായി കാണുന്നു. ശിവന്റെ പ്രതിഷ്ഠയോട് ബന്ധപ്പെട്ടതാണ് മണ്ഡപത്തിന്റെ നിര്മ്മാണരീതി. തിടപ്പള്ളി, വലിയ ബലിക്കല്ല്, നാലമ്പലം, ആനപ്പന്തല്, മണ്ഡപം, ബലിക്കല്പുര, ഗണപതിപ്രതിഷ്ഠ, സപ്തമാതൃക്കള് എല്ലാം തന്നെ ശിവക്ഷേത്രത്തിന്റെ ശില്പ്പശാസ്ത്രവിധിപ്രകാരമാണ്.

ശിവന്റെ ശ്രീകോവിലിനു നേര്ക്കാണ് മുഖമണ്ഡപം സ്ഥിതി ചെയ്യുന്നത്. മുഖമണ്ഡപത്തിന്റെയും ബലിക്കല്പുരയുടേയും തട്ട് നവഗ്രഹങ്ങള് കൊത്തിയ ഒറ്റപ്പലകയില് തീര്ത്തതാണ്. മണ്ണുത്തരം, ചിറ്റുത്തരം മുതലായവയില് രാമായണം, മഹാഭാരതം എന്നിവയുടെ ഭാഗങ്ങള് ചിത്രീകരിച്ചിട്ടുണ്ട് . അതുപോലെ കരിങ്കല് തൂണുകളില് മനോഹരമായ കൊത്തുപണികളും കാണാം. ശ്രീകോവിലിന്റെ! കിഴക്കുഭാഗത്ത് ഒരു രഹസ്യ അറയാണ്. ഈ അറയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു വാതിലുണ്ട്.

അതിന്റെ മുഖം ശ്രീകോവിലിലേക്കാണ്!. പടിഞ്ഞാറോട്ട് ദര്ശനമായിട്ടുള്ള ഈ കവാടം എല്ലായ്‌പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടിയിട്ടിരിക്കും. രഹസ്യ അറയ്ക്ക് ശ്രീമൂലസ്ഥാനം എന്നും പറയുന്നു. പരശുരാമന് സൃഷ്ടിച്ച മഹാമേരുചക്രവും ശ്രീ ശങ്കരാചാര്യര് പ്രതിഷ്ഠിച്ച ശ്രീചക്രവും ഈ രഹസ്യ അറയില് ഉണ്ടെന്നാണ് വിശ്വസിച്ചുവരുന്നത്. ചേരന് ചെങ്കുട്ടുവന് മൂലപ്രതിഷ്ഠ കണ്ണകി പ്രതിഷ്ഠ നിര്വഹിച്ച സ്ഥലമായ ശ്രീമൂലസ്ഥാനമാണ് രഹസ്യഅറയാക്കിയിരിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്.

ശ്രീകോവിലിലേക്കുമാത്രം ഒരു ചെറിയ കവാടമുള്ളതും, മറ്റുഭാഗങ്ങള് കരിങ്കല്ല് കൊണ്ട് അടച്ചു കെട്ടിയതുമായ രഹസ്യ അറയുടെ കവാടത്തിന് ഏകദേശം മൂന്നടി ഉയരവും രണ്ടടി വീതിയും കാണും. കവാടത്തിലേക്ക് കയറിച്ചെല്ലാന് മൂന്ന് തൃപ്പടികളും ശ്രീകോവിലിനുള്ളിലുണ്ട്. ക്ഷേത്രത്തിലെ ശിവന്റെ നടയ്ക്കുള്ള മണ്ഡപത്തിന്റെ വടക്കേ അറ്റത്തായി നാലമ്പലത്തിനുള്ളില് കിഴക്കോട്ട് ദര്ശനമായിട്ടാണ് രണ്ട് നിലയുള്ള പള്ളിമാടം.

നിത്യേന വിളക്കുവയ്പ്പ് നടത്തുന്ന പള്ളിമാടത്തിലാണ് ദേവിയുടെ പള്ളിവാളും, ചിലമ്പും പ്രതിഷ്ഠിച്ചിരിക്കുന്നത്. അശ്വതി കാവുതീണ്ടലിനു നടയടച്ചതിന് ശേഷം, പിന്നീട് നട തുറക്കുന്നതുവരെ വഴിപാടുകള് ഭക്തജനങ്ങള് പള്ളിമാടത്തിനു മുന്നിലാണ് അര്പ്പിക്കാറ്. മുഖ്യ പ്രതിഷ്ഠ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയാണ്. വരിക്കപ്ലാവില് നിര്മ്മിച്ച വിഗ്രഹത്തിന്റെ ദര്ശനം വടക്കോട്ടാണ്. അഷ്ടബാഹുക്കളോടെ രൗദ്രഭാവത്തില് ദാരുകവധത്തിനുശേഷം പ്രദര്ശിപ്പിച്ച വിശ്വരൂപമായി ഇത് സങ്കല്പ്പിക്കപ്പെടുന്നു.

വിഗ്രഹത്തില് എട്ട് കൈകള് കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങള് വ്യക്തമായി കാണാന് കഴിയുന്നില്ല. വിഗ്രഹത്തിനു പീഠത്തോടുകൂടി ഉദ്ദേശം ആറടി ഉയരമുണ്ട്. വലത്തെ കാല് മടക്കി ഇടത്തേക്ക് തൂക്കിയിട്ട രൂപത്തിലാണ് ഇരിപ്പ്. തലയില് കിരീടമുണ്ട്. രഹസ്യ അറ ശ്രീകോവിലിനുള്ളില് പടിഞ്ഞാറ് ദിക്കിലേക്ക് ദര്ശനമായിട്ടുള്ള രഹസ്യ അറയുടെ കവാടത്തിനുമുന്നില് എല്ലായ്‌പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടിയിരിക്കും.

പടിഞ്ഞാറ് ദിക്കിലേക്ക് ദര്ശനമായി അഷ്ടബന്ധമിട്ട് ഉറപ്പിച്ചതും, സ്വര്ണ്ണ ഗോളകകൊണ്ട് പൊതിഞ്ഞതുമായ അര്ച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. വടക്കു ദിക്കിലേക്ക് ദര്ശനമായി മറ്റൊരു അര്ച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *