പൂജാമുറി എങ്ങനെ ഒരുക്കാം

പൂജാമുറി എങ്ങനെ ഒരുക്കാം
alternatetext

പൂജാമുറി എങ്ങനെ ഒരുക്കുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിക്കണം.പൂജാമുറിയില്‍ ദൈവങ്ങളുടെ എല്ലാ വിഗ്രഹങ്ങളും വയ്ക്കാനും സാധിയ്ക്കില്ല. ചില വിഗ്രഹങ്ങള്‍ ഒഴിവാക്കണം. ദൈവങ്ങളുടെ വിഗ്രഹം ഒരിക്കലും പുറംതിരിച്ചു വയ്ക്കരുത്. അല്ലെങ്കില്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന രീതിയിലുള്ള വിഗ്രഹങ്ങളോ ഫോട്ടോകളോ ഒന്നുംതന്നെ പൂജാമുറിയില്‍ വയ്ക്കരുത്.

ഏതു ഭാഗത്തും നിന്നു നോക്കിയാലും ദൈവങ്ങള്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന വിധത്തിലെ ഫോട്ടോകള്‍ വേണ്ട. അതുപോലെ താന്ത്രിക വിധി പ്രകാരം പ്രതിഷ്ഠിച്ച വിഗ്രഹം പൂജാമുറിയില്‍ വയ്ക്കരുത്. പൂജയും താന്ത്രികവും പഠിച്ച ബ്രാഹ്മണരില്‍ ചിലര്‍ വീട്ടില്‍ പ്രതിഷ്ഠ ചെയ്തു പൂജിക്കാറുണ്ട്. എന്നാല്‍ പൂജയും താന്ത്രികവും പഠിക്കാത്ത സാധാരണക്കാര്‍ക്ക് പൂജാമുറിയില്‍ വച്ചിരിക്കുന്ന വിഗ്രഹങ്ങള്‍ക്കു മുന്നില്‍ വിളക്കു കത്തിച്ചു പ്രാര്‍ഥിക്കുകയും വിശേഷദിവസങ്ങളില്‍ മാലകള്‍ ചാര്‍ത്തുകയും ആവാം.

പൂജാമുറിയില്‍ ഒരേ ദൈവത്തിന്റെ തന്റെ രണ്ടു വിഗ്രങ്ങളോ ഫോട്ടോകളോ പാടില്ല, അല്‍പം വ്യത്യാസമുണ്ടെങ്കില്‍ത്തന്നെ. ഇങ്ങനെ വേണമെങ്കില്‍ ഒരു വിഗ്രഹവും ഒരു ഫോട്ടോയുമാകാം. പൊട്ടുകയോ ഭാഗം അടരുകയോ ചെയ്ത വിഗ്രഹം യാതൊരു കാരണവശാലും പൂജാമുറിയില്‍ സൂക്ഷിയ്ക്കരുത്. സംഹാരം ചെയ്യുന്ന, യുദ്ധം ചെയ്യുന്ന ദൈവത്തെ പൂജാമുറിയില്‍ വയ്ക്കരുത്. ഉദാഹരണത്തിന് കാളി ദാരികനെ വധിയ്ക്കുന്ന രീതിയിലുള്ള ഒന്ന്. അതോടൊപ്പം തന്നെ വല്ലാതെ വൈകാരിഭാവങ്ങളുള്‍ക്കൊള്ളുന്ന വിഗ്രഹങ്ങള്‍ പൂജാമുറിയില്‍ വയ്ക്കരുത്. ഉദാഹരണത്തിന് നടരാജ വിഗ്രഹം. താണ്ഡവമാടുന്ന ശിവന്‍ ഉഗ്രമൂര്‍ത്തിയുടെ ഭാവമാണ്.

സൗമ്യതയുള്ള വിഗ്രഹങ്ങളും ഫോട്ടോകളുമാണ് പൂജാമുറിയില്‍ വേണ്ടത്. വീട്ടില്‍ പൂജാമുറി നിര്‍മ്മിക്കുമ്ബോള്‍ തറയില്‍ നിന്നും അല്‍പം ഉയര്‍ന്ന് നിര്‍മ്മിക്കുന്നതാണ് നല്ലത്. ഒരാള്‍ വിഗ്രഹത്തിന് അഭിമുഖമായി നില്‍ക്കുമ്ബോള്‍ അയാളുടെ നെഞ്ചോളം ഉയരത്തില്‍ എത്താവുന്ന വിധത്തില്‍ വേണം, വിഗ്രഹം വയ്ക്കാന്‍. വിഗ്രഹത്തെ താഴത്തേയ്ക്കു നോക്കുന്ന വിധത്തില്‍ വയ്ക്കരുത്. ഭഗവല്‍ ചിത്രങ്ങളും വിഗ്രഹങ്ങളും പൂജാസാമഗ്രികളും അല്ലാതെ മറ്റൊന്നും പൂജാമുറിയില്‍ സൂക്ഷിക്കാന്‍ പാടില്ല.

വാസ്തുശരീരത്തിലെ രാജാവായിട്ടാണ് വീട്ടിലെ പൂജാമുറിയെ കണക്കാക്കുന്നത്. പൂജാമുറി, പൂജാസ്ഥാനം അഥവാ പ്രാര്‍ത്ഥനാമുറി എന്നിവയ്ക്ക് ഗൃഹത്തിന്റെ വടക്കുവശത്തോ കിഴക്കുവശത്തോ ആണ് ഉത്തമമായി സ്ഥാനം കാണേണ്ടത്. വടക്കു-കിഴക്കായി പൂജാമുറി നിര്‍മ്മിക്കുകയും കിഴക്കിനഭിമുഖമായി നിന്ന് പ്രാര്‍ത്ഥിക്കുകയുമാണ് വേണ്ടത്. 

ഗൃഹത്തിന്റെ കിഴക്കുവശത്തോ തെക്കുവശത്തോ ഉള്ള മുറികള്‍ പൂജാമുറിയായി ഉപയോഗിക്കുമ്പോള്‍ പടങ്ങളും വിഗ്രഹങ്ങളും മൂര്‍ത്തികളും മറ്റും കിഴക്കു ഭിത്തിയില്‍ പടിഞ്ഞാട്ടു തിരിച്ചുവയ്ക്കുന്നതാണ് ഉത്തമം. ഗൃഹത്തിന്റെ പടിഞ്ഞാറും വടക്കും വശങ്ങളിലെ മുറിയാണ് പൂജാമുറിയാക്കുന്നതെങ്കില്‍ പടിഞ്ഞാറെ ഭിത്തിയില്‍ കിഴക്കോട്ടു തിരിച്ചുവയ്ക്കുന്നതാണ് നല്ലത്. ദൈവങ്ങള്‍ ഗൃഹത്തെ നോക്കിയിരിക്കുന്ന രീതിയിലാണ് പൂജാമുറിക്ക് സ്ഥാനം നിശ്ചയിക്കാന്‍. വീടിന്റെ ഐശ്വര്യത്തിനായാണ് പൂജാമുറി ഉണ്ടാക്കുന്നതെന്ന കാര്യം മറക്കരുത്.

പൂജാമുറി അടുക്കളയുടേയും ഭക്ഷണം കഴിക്കുന്ന മേശയുടേയും അടുത്താകുന്നത് ദോഷമല്ല. പഴയ ചിട്ടപ്രകാരം നമ്മള്‍ ദൈവങ്ങള്‍ക്കായാണ് വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നതെന്നും അവര്‍ക്ക് നേദിച്ചതിനുശേഷമുള്ള ഉച്ചിഷ്ടമാണ് നമ്മള്‍ കഴിക്കുന്നതെന്നുമാണ് ഭാരതീയ സങ്കല്‍പം.

സ്ഥലം ലാഭിക്കുന്നതിനായി കോണിപ്പടിക്ക് കീഴെ പൂജാമുറി പണിയുന്നവര്‍ ഉണ്ട്. ഇത് തെറ്റായ ഒരു പ്രവണതയാണ്. ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ല. പൂജാമുറിയുടെ വാതിലുകള്‍ കിഴക്കോട്ടോ വടക്കോട്ടോ തുറക്കുന്നത് ആവണം. നല്ല മരം കൊണ്ട് പണിത രണ്ടു പാളിയുള്ള വാതിലുകള്‍ ആവുന്നതാണ് നല്ലത്. പൂജാമുറിയുടെ ചുവരില്‍ കടും നിറങ്ങള്‍ ഒഴിവാക്കി വെള്ള, നീല തുടങ്ങിയ നിറങ്ങള്‍ ഉപയോഗിക്കുക.