നമ്മള്‍ കേവലം വിഗ്രഹങ്ങളെയല്ല ആരാധിക്കുന്നത്. സര്‍വ്വവ്യാപിയായ ഈശ്വരനെയാണ്. വിഗ്രഹങ്ങള്‍ ആ ഈശ്വരതത്ത്വത്തിന്റെ പ്രതീകങ്ങാണ്.
ഏകാഗ്രത കൈവരിക്കാനുള്ള ഉപാധികളാണ്. കുട്ടികളെ തത്തയുടെയും മൈനയുടെയും മറ്റും പടം കാണിച്ചിട്ട് ഇതു തത്ത, ഇതു മൈന എന്നുപറഞ്ഞ് പഠിപ്പിക്കും.
ഇളംപ്രായത്തില്‍ ഇതാവശ്യമാണ്. എന്നാല്‍ വളര്‍ന്നുകഴിഞ്ഞാല്‍ അവരെ തിരിച്ചറിയാന്‍ ഈ പടങ്ങളുടെ ആവശ്യമില്ല. ഇതുപോലെ തുടക്കത്തില്‍ സാധാരണക്കാരന്റെ മനസ്സിനെ ആ ദിവ്യചൈതന്യത്തില്‍ ഏകാഗ്രമാക്കുവാന്‍ ഈ വിധമുള്ള ഉപാധികള്‍ ആവശ്യമാണ്.
ആത്മാര്‍ത്ഥതയോടെ സാധന പുരോഗമിക്കുമ്പോള്‍ ഈ രൂപങ്ങളൊന്നും കൂടാതെതന്നെ മനസ്സ് ഏകാഗ്രമാകുവാന്‍ പഠിക്കും.
മനസ്സിനെ ഏകാഗ്രത ശീലിപ്പിക്കുവാനുള്ളു നല്ല ഒരു ഉപാധിയാണ് വിഗ്രഹം. കൂടാതെ ഈശ്വരന്‍ വിഗ്രഹത്തില്‍ ഇല്ല എന്നുപറയുവാന്‍ സാധിക്കില്ല.
സര്‍വ്വചരാചരങ്ങളിലും ഈശ്വരന്‍ നിറഞ്ഞുനില്‍ക്കുന്നു എങ്കില്‍, വിഗ്രഹത്തിലും അവിടുന്നുണ്ട് എന്ന് നാം അറിയണം.
പ്രപഞ്ചത്തിലെ ജീവനുള്ളതും ഇല്ലാത്തതുമായ സര്‍വ്വതിലും ഈശ്വരനെ ദര്‍ശിച്ചു സ്‌നേഹിക്കുവാനും സേവിക്കുവാനുമുള്ള മനസ്സിനെ വളര്‍ത്തിയെടുക്കുവാനുള്ള പരിശീലനമാണു വിഗ്രഹാരാധന.
ഒരു കാമുകന്‍ തന്റെ പ്രേമഭാജനത്തിന് ഒരു സമ്മാനം നല്‍കുന്നു എന്നിരിക്കട്ടെ. ഒരുപക്ഷേ, അതു വെറും അഞ്ചുപൈസ മാത്രം വിലയുള്ളതാകാം. എന്നാല്‍, കാമുകി അതില്‍ തന്റെ പ്രിയതമനെയാണു കാണുന്നത്.
ഏതാനും രൂപ മാത്രം വിലയുള്ളതാണെങ്കിലും ഒരു രാഷ്ട്രത്തിന്റെയോ പാര്‍ട്ടിയുടെയോ കൊടിയുടെമേല്‍ തുപ്പുവാന്‍ നാം ആരെയും അനുവദിക്കാറില്ല. ആ കൊടി വെറും തുണിയല്ല. തുണിക്കു കൊടിയുടെ സ്ഥാനം കൈവന്നതോടെ അതു മഹത്തായ ഒരു ആദര്‍ശത്തെ പ്രതിനിധീകരിക്കുന്നു. അതിനെ ആദരിക്കുന്നു. ബഹുമാനിക്കുന്നു. അതുപോലെ വിഗ്രഹത്തില്‍ നാം ദര്‍ശിക്കുന്നത് ഈശ്വരനെത്തന്നെയാണ്.