കേരളത്തിന്റെ പ്രധാന ഉത്സവങ്ങളിലൊന്ന്. മലയാളികളുടെ ആചാരങ്ങളും സംസ്കാരവുമായി ഇഴുകിച്ചേര്‍ന്ന തിരുവാതിര ആഘോഷങ്ങളില്‍ പ്രാധാന്യം മലയാളി മങ്കമാര്‍ക്കു തന്നെ. അതുകൊണ്ടു സ്ത്രീകളുടെ ഉത്സവമെന്നും പറയാം.
എല്ലാ മാസവും തിരുവാതിര നാളുണ്ടെങ്കിലും ധനുമാസത്തിലെ തിരുവാതിരയ്ക്ക് പ്രത്യേകതകളേറെയാണ്. ധനുമാസത്തിലെ ശുക്ലപക്ഷത്തിലെ വെളുത്തവാവു ദിവസമാണ് തിരുവാതിര ആഘോഷങ്ങള്‍ നടക്കുക.
ഉറക്കമൊഴിയല്‍, പാതിരാപ്പൂചുടല്‍, തുടിച്ചുകളി, തിരുവാതിരകളി, തിരുവാതിര പുഴുക്ക് തുടങ്ങിയവയാണ് തിരുവാതിര നാളിലെ പ്രധാന ചടങ്ങുകള്‍. പലയിടത്തും പത്തു ദിവസത്തെ വ്രതമാണ് നോല്‍ക്കുന്നത്.
മംഗല്യവതികളായ സ്ത്രീകളാണ് ചടങ്ങുകള്‍ ആരംഭിക്കുക. വീട്ടില്‍ പൂത്തിരുവാതിരക്കാരുണ്ടെങ്കില്‍ (വിവാഹം കഴിഞ്ഞ് ആദ്യത്തെ തിരുവാതിര ആഘോഷിക്കുന്ന സ്ത്രീകള്‍) അവരാകും ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കേണ്ടത്.
തിരുവാതിരയെ സംബന്ധിച്ച്് തലമുറകള്‍ കൈമാറി വന്ന ഐതിഹ്യങ്ങള്‍ അനവധിയാണ്. ദേവന്മാരുടെ ദേവനായ മഹാദേവന്റെ പിറന്നാളാണ് ധനുമാസത്തിലെ തിരുവാതിരയെന്നാണ് വിശ്വാസം.
മഹാദേവനെ അതിയായി പ്രണയിച്ച ശ്രീ പാര്‍വതിയും ദേവനും തമ്മില്‍ വിവാഹം കഴിച്ചത് ഇതേ നാളിലാണ് എന്ന ഐതിഹ്യവും നിലനില്‍ക്കുന്നു.
മംഗല്യവതികളായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനു വേണ്ടിയും കന്യകമാര്‍ നല്ല പങ്കാളിയെ കിട്ടാനുമാണ് വ്രതമനുഷ്ഠിക്കുന്നത്.
അന്നേ ദിവസം ശ്രീ പാര്‍വതി പോലും വ്രതം അനുഷ്ഠിക്കുമെന്നും പറയപ്പെടുന്നു. തിരുവാതിര വ്രതം ആദ്യമായി നോറ്റതു ശ്രീകൃഷ്ണനെ ഭര്‍ത്താവായി കിട്ടാന്‍ ഗോപികമാരാണെന്നും വിശ്വാസമുണ്ട്.