ശ്രീമുരുകന്‍റെ നക്ഷത്രദിവസമാണ് ‘തൈപ്പൂയം’ അഥവാ മകരമാസത്തിലെ പൂയം. തമിഴ് കലണ്ടര്‍ പ്രകാരം ‘തൈമാസ’ത്തിലെ പൂയം. ശ്രീമുരുകന്‍, ദേവസേനാപതിയായി അസുരന്മാരെ നിഗ്രഹിച്ച് ദേവന്മാരെ രക്ഷിച്ചത് ഈ ദിവസമാണെന്നും ആയതിനാല്‍ തൈപ്പൂയം ആചരിക്കുന്നുവെന്നും ചില ആചാര്യന്മാര്‍ പറയുന്നുണ്ട്.
ശ്രീമുരുകന്‍റെ നക്ഷത്രം പൂയമാണെന്നും അതല്ല, വിശാഖമാണെന്നും ചില ആചാര്യന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ട്. മാഘമാസത്തിലെ പൂയത്തില്‍ ശ്രീ സുബ്രഹ്മണ്യന്‍ ജനിച്ചുവെന്ന സ്കന്ദപുരാണം വിശ്വസിക്കുന്ന സകല ആചാര്യന്മാരും ശ്രീമുരുകന്‍റെ ജനനം പൂയം നക്ഷത്രത്തിലാണ് എന്നുതന്നെ വിശ്വസിച്ചുവരുന്നു. കാരണം, വിശാഖം നക്ഷത്രത്തില്‍ മുരുകക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുന്നതായി അറിവില്ല.
ശ്രീമുരുകന് അമ്മ പാര്‍വ്വതീദേവി ശക്തിവേല്‍ നല്‍കിയതും അങ്ങനെ ശൂരപത്മനെ വധിച്ച് രണ്ടായി പിളര്‍ന്ന് ഒരു ഭാഗം മയില്‍വാഹനമാക്കിയും മറ്റൊരുഭാഗം കോഴിയാക്കിയും ഭഗവാന്‍ ശാപമോക്ഷം നല്‍കി തന്‍റെ കൂടെ നിര്‍ത്തിയതും പൂയം നാളിലാണ് എന്നൊരു വിശ്വാസവും നിലവിലുണ്ട്. കേരളത്തിലെ ചില സുബ്രഹ്മണ്യഭക്തര്‍, ശ്രീമുരുകന്‍റെ നക്ഷത്രവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഭക്തരില്‍ മാനസികസംഘര്‍ഷം ഉണ്ടാക്കാറുണ്ട്.
ശ്രീലങ്കയിലെ ചില ഗ്രാമങ്ങളിലും തൈപ്പൂയം ഭക്തിപൂര്‍വ്വം ആചരിക്കുന്നുണ്ട്.

തൈപ്പൂയവ്രതം എടുക്കുന്നത്, ധനുമാസം മുതലാണ്. രാവിലെയും വൈകിട്ടും കുളിക്കണം, മുരുകസ്തുതി ജപിക്കണം. മുരുകക്ഷേത്രദര്‍ശനം നടത്തി യഥാശക്തി അഭിഷേകം നല്‍കി പ്രാര്‍ത്ഥിക്കണം. കഠിനമായ വ്രതം എടുക്കാന്‍ കഴിയാത്തവര്‍ പൂയം നക്ഷത്രദിവസം അതിപുലര്‍ച്ചെ കുളിച്ച് പ്രാര്‍ത്ഥിച്ച്, വൈകിട്ട് നെയ്‌വിളക്ക് തെളിച്ച് മുരുകസ്തോത്രങ്ങള്‍ അല്ലെങ്കില്‍ “ഓം ശരവണ ഭവ:” എന്ന സുബ്രഹ്മണ്യരായം ജപിച്ച് പ്രാര്‍ത്ഥിക്കണം.
ചൊവ്വയുടെ അനിഷ്ടസ്ഥിതി മാറുന്നതിന് തൈപ്പൂയവ്രതം അത്യുത്തമം ആകുന്നു. സാമ്പത്തികതടസ്സം, വിവാഹതടസ്സം, പിതാവിന്‍റെ ദോഷസ്ഥിതി, സഹോദരദുരിതം, ആശുപത്രിവാസം, ആയൂര്‍ദോഷം എന്നിവ ചൊവ്വാദോഷത്താല്‍ സംഭവിക്കും. അതിനൊക്കെ പരിഹാരമായി തൈപ്പൂയവ്രതം എടുക്കാവുന്നതാണ്.