alternatetext

കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാ‍രിയുടെ മകനായ കോവലൻ അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു. കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ, കോവലൻ, മാധവി എന്ന നർത്തകിയെ കണ്ടുമുട്ടുകയും അവരിൽ പ്രണയാസക്തനാവുകയും ചെയ്തു.

 കണ്ണകിയെ മറന്ന കോവലൻ തന്റെ സ്വത്തുമുഴുവൻ മാധവിക്കുവേണ്ടി ചെലവാക്കി. ഒടുവിൽ പണമെല്ലാം നഷ്ടപ്പെട്ടപ്പോൾ കോവലൻ തന്റെ തെറ്റുമനസ്സിലാക്കി കണ്ണകിയുടെ അടുത്തേക്ക് തിരിച്ചുപോയി.

അവരുടെ ആകെയുള്ള സമ്പാദ്യം കണ്ണകിയുടെ രത്നങ്ങൾ നിറച്ച ചിലമ്പുകൾ മാത്രമായിരുന്നു. കണ്ണകി സ്വമനസാലെ തന്റെ ചിലമ്പുകൾ കോവലനു നൽകി. ഈ ചിലമ്പുകൾ വിറ്റ് വ്യാപാരം നടത്തുവാൻ കോവലനും കണ്ണകിയും മധുരയ്ക്കു പോയി.

പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു ആ കാലത്ത് മധുര ഭരിച്ചിരുന്നത്. ഇതേസമയത്ത് രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയി. കണ്ണകിയുടെ ചിലമ്പുകളുമായി കാണാൻ വളരെ സാമ്യമുണ്ടായിരുന്ന ഈ ചിലമ്പുകളുടെ ഒരേയൊരു വ്യത്യാസം രാജ്ഞിയുടെ ചിലമ്പുകൾ മുത്തുകൾ കൊണ്ടു നിറച്ചതായിരുന്നെങ്കിൽ കണ്ണകിയുടേത് രത്നങ്ങൾ കൊണ്ട് നിറച്ചതായിരുന്നു എന്നതായിരുന്നു.

ചിലമ്പുവിൽക്കാൻ ചന്തയിൽ പോയ കോവലനെ കള്ളനെന്നു ധരിച്ച് രാജാവിന്റെ ഭടന്മാർ പിടികൂടി. രാജാജ്ഞയനുസരിച്ച് കോവലന്റെ ശിരസ്സ് ഛേദിച്ചു. ഇതറിഞ്ഞ കണ്ണകി രാജാവിന്റെ മുന്നിൽ കോവലന്റെ നിരപരാധിത്വം തെളിയിക്കുവാൻ പാഞ്ഞെത്തി.

കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് രത്നങ്ങൾ ചിതറി. രാജ്ഞിയുടെ ഒരു ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് മുത്തുകളും ചിതറി. തങ്ങളുടെ തെറ്റുമനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപം കൊണ്ടു മരിച്ചു.

ഇതിൽ മതിവരാതെ കണ്ണകി തന്റെ ഒരു മുല പറിച്ചെറിഞ്ഞ് മധുരയിലേക്ക് വലിച്ചെറിഞ്ഞ് നഗരം മുഴുവൻ വെന്തു വെണ്ണീറാവട്ടെ എന്നു ശപിച്ചു. കണ്ണകിയുടെ പാതിവൃത്യത്താൽ ഈ ശാപം സത്യമായി.

തീയിൽ വെന്ത മധുരയിൽ കനത്ത ആൾനാശവും ധനനഷ്ടവുമുണ്ടായി. നഗരദേവതയുടെ അപേക്ഷയനുസരിച്ച്, കണ്ണകി തന്റെ ശാപം പിൻ‌വലിച്ചു. കണ്ണകിക്ക് മോക്ഷം ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *