ചെട്ടികുളങ്ങരയിൽ കാർത്തിക ദർശനം വെള്ളിയാഴ്ച;സർവാഭരണ വിഭൂഷിതയായി ദേവിയെ തൊഴാം

alternatetext

ചെട്ടികുളങ്ങര ഭഗവതിയെ സർവാഭരണ വിഭൂഷിതയായി കണ്ടുതൊഴാൻ കാർത്തിക ദർശനം. .ചെട്ടികുളങ്ങര ഭഗവതി അമ്മയായ കൊടുങ്ങല്ലൂർ ഭഗവതിയുടെ അടുക്കൽ നിന്ന് എത്തുന്ന മീനത്തിലെ കാർത്തിക നാളായ വെള്ളിയാഴ്ച രാവിലെ പത്തര മുതൽ വൈകുന്നേരം ആറു മണി വരെയാണിത്. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ പുലർച്ചേ ആചാരപ്രകാരം ചെട്ടികുളങ്ങരയിലേക്ക് കൊണ്ടുവരും.


രാജഭരണകാലത്ത് നടയ്ക്ക് സമർപ്പിക്കപ്പെട്ടിട്ടുള്ള അത്യപൂർവ തങ്കതിരുവാഭരണങ്ങളാണ് സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുന്നത്. ഇവ ചാർത്തിയുള്ള ദേവീദർശനം ഭക്തർക്ക് അത്യപൂർവ കാഴ്ചയാണ്. ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷന്റെ അഭ്യർഥന പ്രകാരം ഏതാനും വർഷങ്ങൾക്ക് മുമ്പാണ് തിരുവാഭരണങ്ങൾ ഹരിപ്പാട്ട് നിന്നും എത്തിക്കാൻ അനുമതി നൽകിയത്.
വെള്ളിയാഴ്ച പുലർച്ചേ നാലു മണിയോടെ ചെട്ടികുളങ്ങരയിൽ നിന്നും 13 കരകളിൽ നിന്നുള്ള പ്രതിനിധികൾ ഹരിപ്പാടിന് യാത്രതിരിക്കും.

12 ദിവസമായി കഠിന വ്രതത്തോടെ ദേവീ ഭജനം നടത്തുന്നവരാണിത്. ഓരോ കരയിൽ നിന്നും അഞ്ചുവീതം പ്രതിനിധികളാണുള്ളത്. അഞ്ചുമണിയോടെ ഹരിപ്പാട്ട് നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളിൽ നിന്ന് ശ്രീദേവി വിലാസം ഹിന്ദു മത കൺവൻഷൻ ഭാരവാഹികളും കരനാഥൻമാരും ചേർന്ന് ഏറ്റുവാങ്ങുന്ന തിരുവാഭരണ പേടകങ്ങളുമായി ചെട്ടികുളങ്ങരയിലേക്ക് യാത്ര തുടങ്ങും. നാലു പേടകങ്ങളിലാണ് തിരുവാഭരണങ്ങൾ സൂക്ഷിക്കുന്നത്. കരക്കാർ ഊഴമിട്ട് പേടകങ്ങൾ തലയിലേന്തും.


ചെട്ടികുളങ്ങര കിഴക്കേ നടയിലെ മണ്ഡപത്തിൽ നിന്നും ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ഭാരവാഹികൾ തിരവാഭരണങ്ങൾ ഏറ്റുവാങ്ങി ശ്രീകോവിലിലെത്തിക്കും. ആഭരണങ്ങളെല്ലാം ചാർത്തിയശേഷം പത്തരയോടെ ദർശനം തുടങ്ങും. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദർശന സൗകര്യം ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *