പന്തളം: വേനൽച്ചൂടിലും തളരാതെ പന്തളം 13 കരകളുടെയും നാഥനായ പന്തളത്തു മഹാദേവർക്കു മുമ്പിൽ കെട്ടുകാഴ്ചകൾ ആടിത്തിമിർത്തു. തേര്, കുതിര, ഇരട്ടക്കാളകൾ, ഒറ്റക്കാളകൾ, ഫ്ലോട്ടുകളുൾപ്പെടെയുള്ള കെട്ടുരുപ്പടികളാണ് ഭഗവാനു മുമ്പിൽ പ്രദർശിപ്പിച്ചത്.

വൈകിട്ട് അഞ്ചു മണിയോടെ ഭഗവാൻ കെട്ടുരുപ്പടികൾ കാണാനായി പുറത്തേക്കെഴുന്നെള്ളി പഴുക്കാമണ്ഡപത്തിലിരുന്നു. തോട്ടക്കോണം കരയുടെ കുതിരയാണ് ഭഗവാനു മുന്നിൽ ആദ്യം കളിച്ചത്. തുടർന്നു ക്രമപ്രകാരം ബാക്കി 12 കരകളും തങ്ങളുടെ കെട്ടുരുപ്പടികൾ പ്രദർശിപ്പിച്ചു. നിരവധി വഴിപാട് കാളകളും, മയിലാട്ടം, പുരാണ കഥാപാത്രങ്ങളുടെ വേഷത്തിലെത്തിയ സംഘങ്ങളും കെട്ടുകാഴ്ചയ്ക്കു കൊഴുപ്പേകി.
രാവിലെ 6നു ഗണപതിഹോമം, 7.30 നും 9നും ഉരുളിച്ച, 8നു ശ്രീബലി എഴുന്നെള്ളിപ്പ്, 9.30നു പാലഭിഷേകം, 11നു കളഭാഭിഷേകം. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി എഴുന്നെള്ളിപ്പ്, വൈകിട്ട് 5 മുതൽ കെട്ടുകാഴ്ച പ്രദർശനം, 6.30നു ദീപാരാധന, 7നു സേവ, തുടർന്നു വലിയ കാണിക്ക എന്നിവയുമുണ്ടായിരുന്നു.

കുളനട, ഞെട്ടൂർ ഭാഗങ്ങളിലുള്ളവർക്കു ക്ഷേത്രത്തിലെത്താൻ അച്ച കോവിലാറിനു കുറുകെ വയറപ്പുഴ കടവിൽ താത്ക്കാലിക പാലവും ഒരുക്കിയിരുന്നു. സേവാഭാരതിയുടെ നേതൃത്വത്തിൽ ഭക്തർക്ക് സംഭാരവും കുടിവെള്ളവും നല്കി.