പിതൃപൂജ
alternatetext

ശ്രാദ്ധം മക്കളുടെ കർത്തവ്യമാണ്. അതിനുവേണ്ടിയാണ് പണ്ടുള്ളവർ തനിക്ക് പിറന്ന സന്താനങ്ങളില്ലെങ്കിൽ ദത്ത് എടുക്കുന്നത്. ഇത് അഗസ്ത്യമഹർഷി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വസിഷ്ഠനും ഇക്കാര്യം പറയുന്നുണ്ട്. ദശരഥന് സന്താനമില്ലാതിരുന്നപ്പോൾ വസിഷ്ഠൻ രാജാവിനോട് പറഞ്ഞു. ‘‘രാജർഷേ, സന്താനമില്ലാതെ മരിച്ചാൽ നരകത്തിൽ പതിക്കും. അതിനാൽ വേദ പ്രോക്തമനുസരിച്ച് അങ്ങ് ഒരു കുഞ്ഞിനെ ദത്തെടുക്കുക. അവൻ അങ്ങയെ നരകത്തിൽ നിന്നു രക്ഷിക്കും‘‘ (പക്ഷേ ദശരഥനു സന്താനഭാഗ്യം പിന്നെ ഉണ്ടായി.)

പുത്രൻ എന്ന വാക്കിന്റെ അർത്ഥം, പും അഥവാ ‘പുത്’ ഒരു നരകമാണ്. സന്താനമില്ലാതെ മരിക്കുന്നവൻ ഈ നരകത്തിൽ പതിക്കും. ‘പും‘ നരകത്തിൽ നിന്നു രക്ഷിക്കുന്നവൻ, അഥവ പുര നരകത്തിൽ നിന്നു ത്രാണനം ചെയ്യുന്നവനാണ് പുത്രൻ. പുരാണത്തിൽ പുത്രധർമം ഇങ്ങനെ വ്യക്തമാക്കുന്നു. ‘‘പിതൃപുത്രേണ കർത്തവ്യാ പിണ്ഡദാനോദക്രിയാ‘‘ അങ്ങനെയുള്ള ക്രിയാദികൾ ചെയ്താൽ മാത്രമേ ഒരാൾ യഥാർത്ഥ പുത്രനും ആകുന്നുള്ളൂ. പുത്രന്റെ മഹത്വത്തിലൂടെ പുരാണം കുടുംബത്തിന്റെ ശ്രേഷ്ഠതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പിതാവിനെ നരകത്തിൽ നിന്നു രക്ഷിക്കുവാൻ പിതൃപൂജ നടത്തുക എന്നത് സന്താനങ്ങളുടെ ശ്രേഷ്ഠ കർത്തവ്യമാണെന്ന് മഹാഭാരതവും രാമായണവും വ്യക്തമാക്കുന്നു.

ആധുനിക കാലത്ത് എന്തും മുക്തിയുടെ കോടതിയിൽ അളക്കുന്ന ഇക്കാലത്ത് പിതൃപൂജയും അതിന്റെ ഭൗതിക കർമ മായ വാവുബലിയും ആവശ്യമാണോ എന്നു ഉന്നയിക്കുന്ന അഭ്യസ്തവിദ്യർ കണ്ടേക്കാം. എന്നാൽ പൗരാണികത വാവുബലിയിലൂടെ കണ്ടുവച്ച ഒരു മഹത്വമുണ്ട്. അതായത് മക്കളുടെയും പിതാക്കളുടെയും പാരസ്പര്യമാണ് കുടുംബത്തിന്റെ അടിത്തറ എന്ന്. മകൻ ചെയ്യുന്നതുകണ്ട് മകന്റെ മകനും അവന്റെ മകനും അതനുഷ്ഠിക്കുമ്പോഴാണ് അതു വിശ്വാസവും ആചാരവും ആകുക.

പിതൃക്കളെ പറ്റിയുള്ള ചിന്തപോലും വിസ്മൃതമാകുന്ന കാലമാണ് ഇത്. യഥാർത്ഥത്തിൽ വാവുബലി ഏറ്റവും അർത്ഥവത്താകുന്നത് ഇന്നാണ്. സ്വന്തം മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്കോ അഗതി മന്ദിരങ്ങളിലേക്കോ നട തള്ളുന്ന അഭ്യസ്തവിദ്യർ വാഴുന്ന ഇക്കാലത്തുതന്നെയാണ് വാവുബലി അഥവാ പിതൃതർപ്പണപൂജ അനർത്ഥമാകുന്നത്. സ്വന്തം പിതാക്കളെ അനാഥാലായത്തിലേക്ക് പറഞ്ഞുവിട്ട്, അവർ മരിച്ചാൽ അടക്കുന്നതിനുള്ള പണവും അനാഥാലയത്തിനു നൽകി സ്വസ്ഥമാകുന്നവർ ആലോചിക്കേണ്ട കാര്യമാണിത്.

കർക്കിടക വാവ്

ജ്യോതിശാസ്ത്രമനുസരിച്ച് മകര സംക്രാന്തിയും കർക്കടക സംക്രാന്തിയും ഒരുപോലെ പൂജാദികർമ്മങ്ങൾ ചെയ്യുവാൻ അനുകൂലമായ കാലമാണ്. ഉത്തരായന പ്രാരംഭമാണ് മകരസംക്രാന്തി. എന്നാൽ കർക്കട സംക്രാന്തി ദക്ഷിണായനകാലമാണ്. കർക്കടകത്തിലെ ദക്ഷിണായനാരംഭത്തിനാണ് ഏറെ പ്രസിദ്ധി. കർക്കടകത്തിലെ അമാവാസിക്കാണ് പിതൃതർപ്പണ പൂജ നടത്താൻ വിധിച്ചിരിക്കുന്നത്. പൂജയോടനുബന്ധിച്ച് ശ്രാദ്ധവും മറ്റു ചടങ്ങുകളും ഈ ദിവസം തന്നെ നടത്താനാണ് പുരാണങ്ങൾ പറയുന്നത്.

ശ്രാദ്ധം ശ്രദ്ധയോടെ ചെയ്യുന്ന ദേവകർമം തന്നെയാണ്. പിതൃക്കൾ പൂജനീയരും ദേവേപ്രാക്തരുമാണെന്നും അവരെ ദുർബലമാക്കുന്നത് ദോഷം വരുത്തിവയ്ക്കുമെന്നും വിശ്വാസം. അതുകൊണ്ടുതന്നെ വാവുബലി കർമങ്ങൾ പൂർവികർക്കുള്ള നമ്മുടെ ആത്മസമർപ്പണമാണ്. പിതൃക്കൾക്കു സ്വർഗം പൂകാൻ അതുവഴി ഒരുക്കുന്നുവെന്നാണ് വിശ്വാസം. പിതൃതർപ്പണം ചെയ്യുന്നതിലൂടെ നമുക്ക് ആത്മശാന്തിയും തൃപ്തിയും ഉണ്ടാകും. കുടുംബങ്ങൾ ഉലയാതെ നിൽക്കുകയും ചെയ്യും. കുടുംബം ഒരു സ്ഥാപനമാണ്. ആ സ്ഥാപനത്തിന്റെ മഹിമ അവിടെ പാർക്കുന്നവരുടെ ഐക്യവും ആ ഒരുമയെ ബലപ്പെടുത്താനാണ് പിതൃതർപ്പണം അനുഷ്ഠിക്കാൻ പറയുന്നത്.
കൂടാതെ പിതൃ നമസ്ക്കാരം, മൃത്യുഞ്ജയ ഹോമം, മൃത്യുഞ്ജയ പുഷ്പാഞ്ജലി എന്നിവയും പിതൃദോഷ ശാന്തിയ്ക്കായി ചെയ്യാവുന്ന വഴിപാടുകളാണ്.

കർക്കിടക വാവ്