ഇന്ന് കര്‍ക്കടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍

ഇന്ന് കര്‍ക്കടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍
alternatetext

ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ ശീലുകളുടെ പുണ്യം പേറുന്ന മാസപ്പിറവി. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ രാമായണ പാരായണം നടക്കും. വീടുകളിലും സന്ധ്യയ്‌ക്ക് നിറദീപങ്ങള്‍ തെളിയിച്ച്‌ രാമായണ പാരായണം തുടരും. രാമായണം വായിച്ച്‌ തീരുമ്ബോള്‍ കത്തി ചാമ്ബലാകേണ്ടത് ലങ്കയല്ല, മനസിലെ രാഗ വിദ്വേഷങ്ങളാകണമെന്നാണ് വിശ്വാസം.

പഴമയുടെ ഓര്‍മ്മയില്‍ മലയാളികള്‍ ഇന്നും കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നു. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണം വായന ഈ മാസമാണ് നടത്താറുള്ളത്. അതോടൊപ്പം ചിലര്‍ വ്രതമെടുക്കുന്നു. അതിനാല്‍ കര്‍ക്കടകം ‘രാമായണമാസം’ എന്നും അറിയപ്പെടുന്നു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളുമായി രാമായണ മാസാചരണം ആരംഭിക്കും.

ബാലീ നിഗ്രഹത്തിന് ശേഷം സീതാന്വേഷണത്തിന് അനുകൂല കാലാവസ്ഥ ഉണ്ടായതുവരെ ശ്രീരാമന്‍ ഗുഹയില്‍ തപസ്സുചെയ്ത കാലമാണ് രാമായണമാസമായി ആചരിക്കുന്നതെന്ന മറ്റൊരു ഐതിഹ്യവും ഈ മാസവുമായി ബന്ധപ്പെട്ടിട്ടുണ്ട്. മനസിന്റെ പ്രശാന്തതയ്‌ക്കും ആത്മനവീകരണത്തിനും മാര്‍ഗ്ഗമായാണ് രാമായണ പാരായണം നിര്‍ദേശിക്കപ്പെടുന്നത്.

ക്ലേശങ്ങള്‍ നിറഞ്ഞ കര്‍ക്കടകത്തില്‍ ആത്മീയതയുടെ വഴിയിലേക്കുള്ള വിളക്കാണ് രാമായണമെന്ന് ആചാര്യമാര്‍ പറയുന്നു. ആരോഗ്യപരിപാലനത്തിന് ഏറ്റവും മികച്ച സമയമെന്ന് കരുതപ്പെടുന്ന മാസമാണ് കർക്കിടകം. ആരോഗ്യക്കഞ്ഞിയാണ് കർക്കടകത്തിലെ ഏറ്റവും മികച്ച ഭക്ഷണം. കർക്കിടകത്തില്‍ മനുഷ്യശരീരത്തില്‍ ദഹനപ്രക്രിയ കുറവായിരിക്കും.

ഇതിനാലാണ് ആളുകള്‍ കഴിക്കാൻ ആരോഗ്യക്കഞ്ഞി തെരഞ്ഞെടുക്കുന്നത്. ഈ സമയത്ത് മത്സ്യമാംസാദികളും ദഹനപ്രക്രിയ നടക്കാത്ത മറ്റ് ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കുന്നതാണ് ഉത്തമം. കര്‍ക്കടക കഞ്ഞി പോലെ തന്നെ പ്രാധാന്യമേറിയവയാണ് കര്‍ക്കിടക കുളിയും കര്‍ക്കടക സുഖചികിത്സയും.