ആലപ്പുഴ ജില്ലയിലെ ചെറിയനാട് സ്ഥിതിചെയ്യുന്ന അതിപുരാതനവും പ്രശസ്തവുമായ ക്ഷേത്രമാണ് ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം.
കോഴഞ്ചേരി – മാവേലിക്കര പാതയിൽ ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും മധ്യേ പ്രധാനപാതയിലുള്ള പടനിലം ജങ്ഷനിൽ റോഡിനു പടിഞ്ഞാറുവശത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചേരമാൻ പെരുമാളിന്റെ കാലത്ത് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ഒരു മഹാക്ഷേത്രത്തിന്റെ എല്ലാ അംഗോപാംഗങ്ങളോടു കൂടിയതുമാണ് ഈ ക്ഷേത്രം.
ക്ഷേത്രത്തിലെ പ്രധാനമൂർത്തി സുബ്രഹ്മണ്യനാണ്. ഹരിപ്പാട്ടുള്ളതുപോലെ രണ്ടുനിലകളോടുകൂടിയ, ചെമ്പുമേഞ്ഞ വട്ടശ്രീകോവിൽ കിഴക്കോട്ട് ദർശനമായാണ് നിലകൊള്ളുന്നത്.
ഇവിടെ നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുണ്ട്. ശിവൻ ഗണപതിയോടൊത്ത്, ഭദ്രകാളി, കൃഷ്ണൻ, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരൻ, നാഗങ്ങൾ, യക്ഷിയമ്മ എന്നിവരാണ് ഉപപ്രതിഷ്ഠകൾ.
ക്ഷേത്രവിജ്ഞാനകോശത്തിലും അപ്പൻ തമ്പുരാന്റെ ആട്ടപ്രകാരത്തിലും ചെറിയനാടിനെപ്പറ്റിയും ക്ഷേത്രത്തെപ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്.
പ്രസിദ്ധ തച്ചുശാസ്ത്രവിദഗ്ദ്ധരും രാജശില്പികളുമായിരുന്ന ഇടവങ്കാട്ട് ആചാരിമാരുടെ വാസ്തുശില്പവൈഭവവും കലാചാതുരിയും വെളിവാക്കുന്നതാണ് ക്ഷേത്രത്തിന്റെ നിർമ്മിതി. പല ദാരുശില്പങ്ങളും ഇവർ വഴിപാടായി നിർമ്മിച്ച് നൽകിയതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
മുഖമണ്ഡപത്തിന്റെ തൂണുകളിലും സോപാനത്തിന്റെ കൈവരികളിലും ഉള്ള ശിലാരേഖകൾ പുരാതനലിപികളിൽ ഉള്ളവ ആയതിനാലും കാലപ്പഴക്കത്താൽ തേയ്മാനം സംഭവിച്ചിട്ടുള്ളതിനാലും ക്ഷേത്രത്തിന്റെ നിർമ്മാണകാലം നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല.