ആറന്മുള പാര്ത്ഥസാരഥി ക്ഷേത്രം

alternatetext

പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് പുരാതനമായ പാര്ത്ഥസാരഥി ക്ഷേത്രം. ആറന്മുള, മല്ലപ്പുഴശ്ശേരി എന്നീ രണ്ടു പഞ്ചായത്തുകളിലായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൊട്ടാരസദൃശമായ ഗോപുരവാതിലെത്താന് പതിനെട്ടുപടികള്.
അകത്തുമനോഹരമായ ആനക്കൊട്ടില്. മുന്പില് സ്വര്ണ്ണകൊടിമരം. ബലിക്കല്പുരയുടെ മുന്പില് തൊഴുതു തിരിയുമ്പോള് കണ്ണില്‌പ്പെടുന്ന രണ്ടു വ്യാളിമുഖങ്ങള്.

അതിലൊന്നിന്റെ വായില് ഒരു ഉരുളന്കല്ല്. ബലിക്കല്പ്പുരയുടെ മച്ചിലും ശില്പങ്ങള്. കത്തുന്ന രണ്ടു തൂക്കുവിളക്കുകള്. വട്ടശ്രീകോവിലില് പാര്ത്ഥസാരഥി പ്രശോഭിക്കുന്നു. ആറടിയോളം ഉയരമുള്ള വിഗ്രഹം. ശ്രീകൃഷ്ണന് അര്ജ്ജുനന് വിശ്വരൂപം കാട്ടികൊടുക്കുമ്പോഴുള്ള ഭാവം. ഇവിടത്തെ പൂജകളില് പ്രധാനം ഉച്ചപൂജക്കാണെന്ന് സങ്കല്പം. ശാസ്താവ്, യക്ഷി, ഏറങ്കാവില് ഭവഗതി, നാഗരാജാവ്, ബലരാമന് എന്നീ ഉപദേവതകള്.

തെക്കുഭാഗത്ത് പമ്പാനദിയില് നിന്നും ക്ഷേത്രത്തിലേക്ക് കയറാന് അമ്പത്തിയാറ് പടികള്. പടികള് അവസാനിക്കുന്നിടത്ത് താഴ്ചയില് ഉപദേവ പ്രതിഷ്ഠ. തിരുവാറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠാകര്മ്മം നിര്വ്വഹിച്ചത് അര്ജ്ജുനനാണെന്ന് ഐതിഹ്യം. ഇതിന്റെ മൂലസ്ഥാനം നിലയ്ക്കല് നാരായണപുരത്തായിരുന്നെന്നും അവിടെനിന്നും ആറുമുളകള് ചേര്ത്തുകെട്ടി ഇവിടെകൊണ്ടുവന്നു എന്ന് പഴമ. അന്നുമുതല് ആറന്മുളയെന്ന് അറിയപ്പെടുന്നു. പമ്പാനദിയിലെ മത്സ്യങ്ങള് ആറന്മുളഭഗവാന്റെ തിരുമക്കളായാണ് അറിയപ്പെടുന്നത്. ക്ഷേത്രകടവില് ധാരാളമായുള്ള ഇവയെ ആരും പിടിക്കാറില്ല. ഭക്തജനങ്ങള് മത്സ്യങ്ങള്ക്ക് ഭക്ഷണം കൊടുക്കുന്ന വഴിപാടുണ്ട്. തേങ്ങ ചിരവിയതും അരിയും ചേര്ത്ത് വെള്ളത്തിലിട്ടുകൊടുക്കുന്ന ഈ വഴിപാട് സത്രീകളാണ് അധികവും നടത്തിവരുന്നത്. കുഞ്ഞുങ്ങള്ക്ക് മുലയൂട്ടുമ്പോള് കൂടുതല് പാല്കിട്ടുന്നതിനാണ് ഈ വഴിപാട്. ഇതിനായി അവര് മഞ്ചാടിക്കുരു നടക്ക് വയ്ക്കുന്ന മറ്റൊരു വഴിപാടു നടത്താറുണ്ട്. ആറന്മുളയൂട്ട് അമ്പലത്തില് പണ്ടുമുതലേയുള്ള വഴിപാടാണ്. ഭക്തര്ക്ക് ഭക്ഷണം കൊടുക്കുന്നത് ഭഗവാനിഷ്ടമാണ്. കുട്ടികള്ക്ക് ഭക്ഷണം കൊടുക്കുന്നത് അതിലേറെ ഇഷ്ടം. വഴിപാടു നടത്തുന്നവര് അവര്ക്ക് കുളിക്കാന് എണ്ണയും ഇഞ്ചയും നല്കും. ആറ്റില്കുളിച്ചുവരുമ്പോള് അവര്ക്ക് വിഭവസമൃദ്ധമായ സദ്യ. ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനും കുട്ടികളുടെ രോഗനിവാരണത്തിനുമാണ് ഈ വഴിപാട്. കുട്ടികളുടെ സദ്യപോലെ അവരുടെ കളികളിലും ദേവന് പ്രിയം.

കുട്ടികള് പെറുക്കികൊണ്ടുവരുന്ന കമുകിന്റെ ഉണങ്ങിയ ഓലകള് കത്തിക്കുന്ന ഒരു ചടങ്ങുണ്ട്. പള്ളിവേട്ടക്കടവില് കമ്പക്കാലുകള് നാട്ടി അതില് ഓലകള് കെട്ടിത്തൂക്കും. പിന്നീട് അത് കത്തിക്കും. ഖാണ്ഡവ വനത്തിലെ ദഹനത്തെ അനുസ്മരിക്കുന്നതാണ് ഈ കമ്പകെട്ട്. പുരാതനകാലത്ത് വഴിപാടുകളുടെ കൂട്ടത്തില് തിളക്കമുള്ള ഒരു മകുടം നടയ്ക്കുവയ്ക്കുന്ന ചടങ്ങുണ്ടായിരുന്നു. ഇതുണ്ടാക്കിവന്നിരുന്ന ശില്പികളുടെ വൈദഗ്ദ്ധ്യമാണ് പില്ക്കാലത്ത് ആറന്മുളകണ്ണാടിയുടെ നിര്മ്മാണത്തില് കൊണ്ടത്തിച്ചത്. ആറന്മുള വള്ളംകളിക്ക് എന്നും പ്രശസ്തി. ഇത് ഉതൃട്ടാതി ജലോത്സവം എന്ന് അറിയപ്പെടുന്നു. ഉത്രട്ടാതി തിരുവാറന്മുള ഭഗവാന്റെ പ്രതിഷ്ഠാദിനമാണ്. കരക്കാരുടെ നേതൃത്വത്തിലാണ് വള്ളംകളി നടക്കുന്നത്.