പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവം ഇന്ന് നടക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ചരിത്രപ്രസിദ്ധമായ പുണ്യ ക്ഷേത്രങ്ങളിലൊന്നാണ് പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രം. പന്തളം രാജകുടുംബത്തിലെ തേവാര മൂർത്തി ആയിട്ടാണ് ഇവിടെ ഗ്രാമത്തിൽ ശാസ്താ ചൈതന്യത്തെ പൂജിച്ച് ആരാധന നടത്തുന്നത്.

ശബരിമലയുടെ മൂലസ്ഥാനമായ ഈ പുണ്യ സങ്കേതത്തിൽ ഭഗവാന്റെ തിരുവാഭരണങ്ങൾ ചാർത്തി കുംഭമാസത്തിലെ ഉത്രം നാളിൽ മണികണ്ഠസ്വാമിയുടെ പിറന്നാൾ ഭക്തിപുരസരം ആഘോഷിക്കുകയാണ്. നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള ഭക്തർക്ക് തിരുവാഭരണം ചാർത്തി പുണ്യദർശനം സാധ്യമാക്കുന്ന തിരുവുത്സവം ഈ വർഷം പൂർണമായും സർക്കാർ കൊവിഡ് നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടാണ് നടത്തുന്നത്. കളഭാഭിഷേകം, തിരുവാഭരണം ചാര്‍ത്തിയുളള ദീപാരാധന എന്നിവയാണ് ഇന്നത്തെ പ്രധാന ചടങ്ങുകള്‍.