സർവ്വ പാപങ്ങളും തീർക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ.
ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങൾ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. പൂർവികരുടെ ബലിപൂജയ്ക്ക് മുടക്കം വന്നാൽ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തിയാൽ മതിയാകും.
ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്നു തന്നെ ഗൃഹാങ്കണം മുറ്റമടിച്ചു തളിച്ചും വീട് കഴുകി വൃത്തിയാക്കിയും ഗൃഹശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം. ശിവരാത്രി ദിവസത്തിൽ പകൽ ഉപവാസം തന്നെയാണ് വിധിച്ചിട്ടുള്ളത്.
ആരോഗ്യ സ്ഥിതി അനുകൂലമായിട്ടുള്ളവർ ‘ഉപവാസം’ നോൽക്കുകയും അല്ലാത്തവർ ‘ഒരിക്കൽ’ വ്രതം നോൽക്കുകയും ചെയ്യാവുന്നതാണ്. ‘ഒരിക്കൽ’ നോൽക്കുന്നവർക്ക് ഒരു നേരം അരി ആഹാരം ആകാം. അത് ശിവക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം ആകുന്നത് ഉത്തമം. വയർ നിറയെ കഴിക്കാൻ പാടില്ല.
ശിവരാത്രി വ്രതത്തിൽ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തിൽ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ക്ഷേത്ര ദർശനത്തിനു സാധിക്കാത്തവർ വീട്ടിൽ ഇരുന്ന് ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തരശത നാമസ്തോത്രം, ശിവ പഞ്ചാക്ഷരീ സ്തോത്രം, വില്വാഷ്ടകം, ലിംഗാഷ്ടകം മുതലായ ശിവ സ്തോത്രങ്ങൾ പാരായണം ചെയ്യുക.
വൈകിട്ട് ക്ഷേത്രത്തിൽ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. (പൂർണ്ണ ഉപവാസം നോൽക്കുന്നവർ അത് വരേയ്ക്കും ജലപാനം പാടുള്ളതല്ല.)
പ്രഭാതത്തിൽ ഉണർന്നെഴുന്നേറ്റ് ആനന്ദപൂർവം സ്നാനം ചെയ്ത് നിത്യകർമ്മങ്ങൾ അനുഷ്ഠിക്കുക. ആലസ്യത്തെ അടുത്തെത്താൻ ഒരു കാരണവശാലും അനുവദിക്കരുത്. തുടർന്ന് ശിവക്ഷേത്ര ദർശനം നടത്തി വ്രതം തടസ്സമേതുമില്ലാതെ പൂർത്തിയാകാൻ അനുഗ്രഹം തേടി ശിവരാത്രി വ്രതം ആരംഭിക്കണം.
ശിവക്ഷേത്രത്തിൽ രാത്രി സമയം ഉറക്കമൊഴിച്ച് ശിവ പൂജ ചെയ്തും, ശിവ പൂജ ദർശിച്ചും, നാമം ജപിച്ചും ഉറക്കമൊഴിക്കുക. ശിവരാത്രിമാഹാത്മ്യം പാരായണം ചെയ്യുകയും ശ്രവിക്കുകയും ചെയ്യുക. രാത്രിയുടെ നാലു യാമങ്ങളിലും ശിവപൂജ ദർശിക്കുക. പ്രഭാതത്തിൽ വീണ്ടും സ്നാനം ചെയ്ത് ശിവനെ പൂജിക്കുക. ശേഷം ശിവനു പുഷ്പാഞ്ജലി സമർപ്പിച്ച് വിധിപ്രകാരം ദാനം ചെയ്യുക. തുടർന്ന് ശിവനെ നമസ്ക്കരിച്ച് വ്രതം അവസാനിപ്പിക്കുക.