ഉത്തര കേരളത്തിലെ ദക്ഷിണ കാശി എന്നു പ്രസിദ്ധമായ അക്കരെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന് ഇന്ന് തിരിതെളിയും. 11 മാസക്കാലം മനുഷ്യ പ്രവേശനമില്ലാതെ നിലകൊള്ളുന്ന സങ്കേതത്തിൽ ഈ കാലയളവിൽ ദേവപൂജകൾ നടക്കുന്നതായി വിശ്വസിക്കപ്പെട്ടുന്നു. ഇടവമാസത്തിലെ ചോതിയിലാണ് സ്വാതി പ്രദീപം തെളിയുക’ തുടർന്ന് അതിവിശിഷ്ടമായ യാഗോത്സവത്തിൻ്റെ ധന്യതയിലേക്ക് അക്കരെ കൊട്ടിയൂർ പ്രവേശിക്കുകയായി.

നെയ്യാട്ടമാണ് ഇന്നത്തെ പ്രധാന ചടങ്ങ്.അഷ്ട ബന്ധം നീക്കി നാളം തുറന്ന് ഭഗവത് സ്വയം ഭൂവിൽ നെയ്യഭിഷേകം നിർവ്വഹിക്കുന്നു. അഷ്ട ബന്ധം പ്രസാദമായി നൽകുക പതിവാണ്. വിശേഷമായ ഔഷധ മഹിമയും അഷ്ടബന്ധത്തിനുണ്ട്. ആടിയ നെയ്യും കൊട്ടിയൂരപ്പൻ്റെ വിശേഷമായ പ്രസാദമാണ്. നാളെ വൈശാഖ പൗർണ്ണമി രാവിൽ ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂരിലെത്തിച്ചേരും.
ഇനിയുള്ള 27 നാളുകൾ – മിഥുനമാസത്തിലെ ചിത്ര നാൾ വരെ – മുപ്പത്തിമുക്കോടി ദേവതകളുടേയും ധന്യ സാന്നിധ്യമാണ് യാഗോത്സവ വേദികയിൽ. മനുഷ്യർക്ക് പക്ഷേ നിയന്ത്രണങ്ങളുണ്ട് രണ്ടു വർഷങ്ങളായി. അതിവിശിഷ്ടങ്ങളായ ആചരണങ്ങളെല്ലാം കൃത്യതയോടെ നിർവ്വഹിക്കാൻ ദേവസ്വം അധിക്യതരും ജില്ലാ ഭരണകൂടവും കാര്യക്ഷമമായ നടപടികൾ കൈക്കൊണ്ടു വരുന്നതായും അറിയുന്നു.