ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം

ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം
alternatetext

പത്തനംതിട്ട ജില്ലയില് ഓമല്ലൂർ പഞ്ചായത്തിലാണ് ചിരപുരാതനമായ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം. പടിഞ്ഞാറോട്ടുദര്ശനമുള്ള അപൂര്വ്വ ക്ഷേത്രങ്ങളില് ഒന്നാണിത്. പ്രകൃതിസൗന്ദര്യം നിറഞ്ഞുനില്ക്കുന്ന ഓമല്ലൂര് ഗ്രാമം. ഓമനത്തമുള്ള ഗ്രാമം എന്നാണ് അര്ത്ഥം. ഓമല് – ഊരു എന്നര്ത്ഥത്തില് ഓമല്ലൂര് എന്ന് ഈ സ്ഥലത്തിന് പേരുണ്ടായി എന്ന് പഴമ.

റോഡരുകില് പടിഞ്ഞാറും വടക്കുമായി ശിരസ്സുയര്ത്തി നില്ക്കുന്ന രണ്ടു ഗോപുരങ്ങള്. പടിഞ്ഞാറേ ഗോപുരത്തോടു ചേര്ന്ന വലിയ നടശ്ശാല. ശബരിമല തീര്ത്ഥാടകരുടെ വിശ്രമത്താവളവുമാണ് ഇവിടം. ചുറ്റമ്പലത്തിനോട് ചേര്ന്നും മൂന്ന് ഗോപുരങ്ങളുണ്ട്. അതില് കിഴക്കേ ഗോപുരം തുറക്കാറില്ല. വിളക്കുകളില് അലംകൃതമായ ചുറ്റമ്പലം. അതിന് താഴെ പുരാണ കഥാഭാഗങ്ങള് കൊത്തിവച്ചിരിക്കുന്നു. അകക്ക് കടന്നാല് അംബരചുമ്പിയായി നില്ക്കുന്ന കൊടിമരം. അരനൂറ്റാണ്ടിലധികം പഴക്കമുള്ള പൊന്നിന് കൊടിമരം. ചെമ്പുമേഞ്ഞ ചതുരാകൃതിയിലുള്ള ശ്രീകോവില്. അതിനുള്ളില് ഇരുന്നരുളുന്ന ശ്രീ രക്തകണ്ഠസ്വാമി.

പടിഞ്ഞാറോട്ട് ദര്ശനം. പ്രത്യേകം രൂപമില്ലാത്ത ശിലാവിഗ്രഹം. തിരിച്ചറിയാന് കഴിയാത്ത മൂര്ത്തിയെന്നും അതല്ല, ശാസ്താവെന്നും പറയപ്പെടുന്നു. കൂടാതെ ബ്രഹ്മവിഷ്ണു മഹേശ്വരന്മാരുടെ സാന്നിധ്യമുണ്ടെന്നുമാണ് വിശ്വാസം. കന്നിമൂലയില് ഗണപതിയും നാലമ്പലത്തിനകത്ത് ശിവനും പുറമെ നാഗരാജാവും നാഗയക്ഷിയും, യക്ഷിയും മുഹൂര്ത്തി വസൂരിമാല തുടങ്ങിയ പ്രതിഷ്ഠകളുമുണ്ട്. ശ്രീകോവിലിന്റെ തൊട്ടുമുന്നിലായി സമചതുരാകൃതിയിലുള്ള ഒരു മണ്ഡപവുമുണ്ട്.

മൂന്നുനേരമാണ് പൂജ. ശാസ്താപൂജയെന്ന് സങ്കല്പം. ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനായി നടത്തിവരുന്ന ചതുശ്ശതമാണ് പ്രധാന വഴിപാട്. മണ്ഡലകാലം ഓമല്ലൂരില് ഉത്സവകാലമാണ്. ഇതുവഴി ഇടവിടാതെ കടന്നുപോകുന്ന വാഹനങ്ങളും അതില് നിന്നും ഉയരുന്ന ശരണാരവങ്ങളുംകൊണ്ട് പവിത്രമാകുന്ന നാളുകള് ഇവിടെ വിശേഷമാണ്. ശബരിമലയിലെ തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്ഭരമായ ഘോഷയാത്ര ഇതുവഴി കടന്നുപോകുമ്പോള് ഓമല്ലൂര് ക്ഷേത്രത്തില് വിശ്രമിക്കും.

അപ്പോള് ഇവിടെ മറ്റൊരു ഉത്സവത്തിന്റെ പ്രതീതി. വൃശ്ചികമാസത്തിലെ ഉത്രത്തിന് അന്നദാനം. ഇത് ഓമല്ലൂരിലെ ഉത്രസദ്യ എന്നറിയപ്പെടുന്നു. കൂടാതെ നവരാത്രിയും ശിവരാത്രിയും ആയില്യപൂജയും നടക്കാറുണ്ട്. മേടമാസത്തിലാണ് ഓമല്ലൂരിലെ പ്രസിദ്ധമായ ഉത്സവം. ഭഗവാന്റെ തിരുനാളായ ഉത്രംനാളില് കൊടിയേറി പത്തുദിവസമാണ് ഈ മഹോത്സവം.

ദേവസാന്നിധ്യം ആദ്യമുണ്ടായ അച്ചന്‌കോവില് ആറിന്റെ കടവിലാണ് ആറാട്ട്. ആറാട്ടുദിവസം ഘോഷയാത്രയും നൂറുകണക്കിന് അന്‌പൊലിയും നിറപറയുമുണ്ടാകും. ആറാട്ടിന്റെ തിരിച്ചുവരവിന് നിരവധി ഗജവീരന്മാരുടെ അകമ്പടിയും നൂറുകണക്കിന് തീവെട്ടികളുടെ തിളക്കമാര്ന്ന ദീപശോഭയും നിരക്കുമ്പോള് കാണികളായ പതിനായിരങ്ങളുടെ ഉള്ളില് ആത്മഹര്ഷമാകും