ചെങ്ങന്നൂര് ശ്രീ മഹാദേവക്ഷേത്രം

alternatetext

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര് പട്ടണത്തിലാണ് പ്രസിദ്ധമായ ചെങ്ങന്നൂര് മഹാദേവക്ഷേത്രം. രണ്ടാം കൈലാസമെന്ന് അറിയപ്പെടുന്നു.

ചൊന്റൂര് ചെങ്ങന്നൂര് ആയതൊന്നാണ് തമിഴ് കൃതിയായ പെരിയപുരാണത്തില് പറയുന്നത്. കേരളത്തിലെ ഹിന്ദുക്കള് വളരെയധികം വിശ്വാസമര്പ്പിക്കുന്ന ഈ ക്ഷേത്രം പരിപാവനമായ പമ്പയുടെ പരിലാളനമേറ്റ് നിലകൊള്ളുന്നു.

പടിഞ്ഞാറേ നടയില് ശ്രീ പാര്വ്വതിയും കിഴക്ക് ശ്രീ പരമശിവനും ഭക്തര്ക്ക് ദര്ശനമരുളുന്നു. കിഴക്കേനടയില് എത്തണമെങ്കില് പട്ടണം ചുറ്റേണ്ടിവരും. കിഴക്കേനടയില് ആല്മരം.

വിസ്തൃതമായ ക്ഷേത്രത്തിന് മുന്വശത്ത് എപ്പോഴും വാഹനങ്ങളുടെ നീണ്ടനിര. ദേവിയുടെ ആറാട്ടുകടന്നുവരുന്ന ഈ മണ്ണില് കാല്വയ്ക്കുന്നതുപോലും പുണ്യം.

മൂന്നുനിലകളുള്ള മഹാഗോപുരത്തിന്റെ ഇടനാഴിയില് ആളൊഴിഞ്ഞനേരമുണ്ടാവില്ല. ആനപ്പന്തല് വേറെയാണെങ്കിലും ഗോപുരത്തോട് ചേര്ന്നതാണെന്നോ തോന്നൂ.

മുന്പില് അണ്ഡാകൃതിയില് കെട്ടിയ കരിങ്കല് തറ. അതില് നന്ദികേശന്. വലിയ സ്വര്ണധ്വജവും വടക്ക് നെടുനീളത്തില് ഊട്ടുപുര.

വെള്ളക്കല് പാകിയ പ്രദക്ഷിണവഴിയും ആറ്റുമണല് വിരിച്ച അമ്പലപ്പറമ്പും. നാലമ്പലത്തിന് വെളിയിലും അകത്തുമായി ഗണപതി, നീലഗ്രീവന്, ശ്രീകൃഷ്ണന്, ചണ്ഡീശ്വരന്, ഗംഗാഭഗവതി എന്നീ ഉപദേവതകളും പ്രതിഷ്ഠകളുമുണ്ട്.

പടിഞ്ഞാറേ നടയിലും ആനക്കൊട്ടിലുണ്ട്. വടക്കുപടിഞ്ഞാറേ മൂലയില് നാഗരാജപ്രതിഷ്ഠ. അതിന് തണലായി വലിയ വടമണ് വൃക്ഷം.

ധനുമാസത്തിലെ തിരുവാതിരയ്ക്ക് കൊടിയേറി ഇരുപത്തിയെട്ടുദിവസത്തെ ഉത്സവമാണിവിടെ. ഇത്രയും നാള് നീണ്ടുനില്ക്കുന്ന ഒരു ഉത്സവം മറ്റൊരു ക്ഷേത്രത്തിലും കാണാനിടയില്ല.

പതിനെട്ടുദിവസം ചെറിയ ഉത്സവവും പത്തു ദിവസം വലിയ ഉത്സവവുമായാണ് അറിയപ്പെടുന്നത്. ഒരു സംഘം ദേവന്മാരുടെ അകമ്പടിയോടെയാണ് ദേവന് ആറാട്ടിന് പോകുന്നതെന്ന് സങ്കല്പം.

ക്ഷേത്രത്തിനടുത്തുള്ള മിത്രപ്പുഴക്കടവിലാണ് ആറാട്ട് നടക്കുന്നത്. ചെങ്ങന്നൂര് ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട് ലോകപ്രസിദ്ധമാണ്. ഇത് മറ്റൊരു ക്ഷേത്രത്തിലും കാണാനാവാത്ത അപൂര്വ ചടങ്ങാണ്. ദേവി രജസ്വലയാകുന്നു എന്നതാണ് ഇതിന്റെ പിന്നിലുള്ള സങ്കല്പം. ആണ്ടില് പലതവണ ദേവി തൃപ്പൂത്താകാറുണ്ട്. എപ്പോഴെങ്കിലും ഉടയാടയില് പാടുകണ്ടാല് മൂന്നുദിവസത്തേക്ക് പടിഞ്ഞാറേ നട അടയ്ക്കും.

ദേവീ ചൈതന്യത്തെ ബലി ബിംബത്തിലേക്ക് മാറ്റും. നാലാംദിവസം രാവിലെ ദേവിയെ മിത്രപ്പുഴക്കടവലേക്ക് കൊണ്ടുപോകും. ആറാട്ട് കഴിഞ്ഞ് കടവിലെ കുളിപ്പുരയില് ദേവിയെ എഴുന്നെള്ളിച്ചിരിത്തും. ചാര്ത്ത് കഴിഞ്ഞ് ഭഗവതി പിടിയാനപ്പുറത്ത് എഴുന്നെള്ളും.

റോഡിനിരുവശത്തും പൂക്കിലയുടെയും നറുനാഴിയുടെയും നെയ്വിളക്കിന്റെയും അകമ്പടിയോടുകൂടിയ പറ നീട്ടി ഭക്തജനങ്ങള് കാത്തുനില്ക്കും. അഭൂതപൂര്വ്വമായ ഭക്തജനത്തിരക്കായിരിക്കും അപ്പോള്. ഭഗവാനും അപ്പോള് മറ്റൊരു ആനപ്പുറത്ത് എഴുന്നെള്ളി ഇവിടെ എത്തും.

പിന്നെ വാദ്യമേളങ്ങളോടും താലപ്പൊലിയോടും കൂടി ദേവീദേവന്മാരെ എഴുന്നെള്ളിച്ച് ശ്രീകോവിലിനുള്ളില് യഥാസ്ഥാനത്ത് ഇരുത്തുന്നു. അതോടെ തൃപ്പൂത്താറാട്ട് അവസാനിക്കുന്നു.

ഇതിന്റെ പിന്നിലും ഒരു കഥയുണ്ട്. പാര്വ്വതീ പരമേശ്വരന്മാരുടെ വിവാഹമായി. ദേവീദേവന്മാരും മഹര്ഷിമാരുമെല്ലാം കൈലാസത്തിലെത്തി. ഇവരുടെ ഭാരം കൊണ്ട് കൈലാസശൈലം വടക്കോട്ട് ചരിഞ്ഞുപോകുമോ എന്ന് ഭഗവാന് തോന്നി. അതിനുപകരമായി അഗസ്ത്യമുനി ദക്ഷിണാപഥത്തിലിരിക്കാന് ഭഗവാന് പറഞ്ഞു. അവിടെയായിരുന്നു കല്യാണം കാണാനുള്ള ദിവ്യദൃഷ്ടിയും മുനിക്ക് നല്കി. അഗസ്ത്യന് ശോണാദ്രിയിലെത്തി തപസ്സും തുടങ്ങി. വിവാഹാനന്തരം മഹാദേവന് അഗസത്യമുനിയെ കണ്ട് അനുഗ്രഹം വാങ്ങി. അപ്പോഴാണ് ദേവി രജസ്വലയാകുന്നത്. പാര്വ്വതി പരമേശ്വരന്മാരുടെ സാന്നിധ്യമാണ് ക്ഷേത്രമുണ്ടാകാന് കാരണമായതെന്നും പരശുരാമന് പ്രതിഷ്ഠ നടത്തിയെന്നും ഐതിഹ്യം.

Leave a Reply

Your email address will not be published. Required fields are marked *