റാന്നി തോട്ടമൺകാവ് ദേവീ ക്ഷേത്രം

alternatetext

മധ്യ തിരുവിതാംകൂറിലെ പ്രമുഖ ദേവീ ക്ഷേത്രങ്ങളിൽ ഒന്നാണ്. റാന്നി തോട്ടമൺകാവ് ദേവീ ക്ഷേത്രം. വരവൂർ , പുല്ലൂപ്രം, അങ്ങാടി- വെങ്ങോലി, പെരുമ്പുഴ ഉൾപ്പെട്ട തോട്ടമൺ വടക്ക് , തോട്ടമൺ തെക്ക്, വൈക്കം എന്നീ റാന്നിയിലെ ആറ് കരകളുടെ ദേശ ദേവതയാണ് തോട്ടമൺകാവിലമ്മ . ദേശവാസികൾക്കൊപ്പം സകലദേശങ്ങളിൽ നിന്നും സർവമത വിശ്വാസികളടക്കം ഭക്തർ ഇവിടെ നിത്യവും ദർശനവും വഴിപാടുകളും നടത്തുന്നു . പേരിനെ അന്വർത്ഥമാക്കും വണ്ണം അമൂല്യമായ വൃക്ഷസമ്പത്തുള്ള പുരാതനമായ കാവും വിശാലവുമായ കുളവും ഈ ക്ഷേത്രത്തിന്റെ ഭാഗമാണ്.

ദാരികവധശേഷം കോപമടക്കി വിരാജിക്കുന്ന ശാന്തസ്വരുപിണി വേതാള കണ്ഠസ്ഥിതയായ ഭദ്രകാളിയാണ് ഇവിടുത്തെ പ്രതിഷ്ഠ .
റാന്നി ഭരണാധികാരികളായിരുന്നു കോട്ടയിൽ കർത്താക്കന്മാരുടെ വകയായിരുന്നു ഇളങ്കാവിൽ ക്ഷേത്രം ക്ഷേത്രത്തിലെ പൂജാരിയിൽ നിന്നും തോട്ടമൺ കരയിലെ പാങ്ങാട്ടു കുടുംബത്തിലെ പാർവ്വതിയമ്മ എന്ന ഭക്തയായ സ്ത്രീക്ക് ഉണ്ടായ അവഗണനയ്ക്ക് പരിഹാരമായി അവരുടെ സംബന്ധകാരനായ കൊടുങ്ങല്ലൂർ ദേവീ ക്ഷേത്രത്തിലെ മുട്ടുശാന്തിയായ നമ്പൂതിരി ചെമ്പു തകിടിൽ തീർത്ത ശ്രീചക്രത്തിൽ ദേവീ ചൈതന്യം ആവാഹിച്ചെടുത്ത് ഓലക്കുടയിൽ വെച്ച് റാന്നിയിൽ കൊണ്ടുവന്നു പാങ്ങാട്ടു പുരയിടത്തിനടുത്തുള്ള ഒരു കരിമ്പനച്ചുവട്ടിൽ ശ്രീചക്രവും കുടയും വച്ചിട്ട് സ്വഗൃഹത്തിലേക്കു പോയി അർദ്ധരാത്രിയിൽ അവിടെ നിന്നും വായ്കുരവ ഉയർന്നു .

കുരവ കേട്ട സ്ഥലം കുരവക്കുന്നിൽ കാവ് എന്നറിയപ്പെട്ടു . ദേവപ്രശ്നവിധിപ്രകാരം ദേവീ സാന്നിധ്യം മനസ്സിലാക്കിയ ഭക്തർ പിനീട് ഇപ്പോഴത്തെ സ്ഥാനത്ത് ദേവീ പ്രതിഷ്ഠ നടത്തി ക്ഷേത്രം നിര്മിക്കുകയായിരുന്നു . ഇന്ന് കുരവക്കുന്നിൽ തോട്ടമൺകാവിലമ്മയുടെ മൂലക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട് .
. മധ്യ തിരുവിതാംകൂറിൽ കളമെഴുത്തും പാട്ടും നടക്കുന്ന അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് തോട്ടമൺകാവ് ദേവി ക്ഷേത്രം . മണ്ഡലചിറപ്പ് ഉത്സവത്തിന്റെ ഭാഗമായിട്ടാണ് ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും നടത്തുന്നത്.ക്ഷേത്രത്തിലെ പാട്ടടിയന്തിര അവകാശികളാണ് 41 നാളുകളിൽ ദേവീപ്രീതിക്കായി കളമെഴുത്ത് നടത്തുന്നത്. ഇത് കൂടാതെ ദേവിയുടെ പിറന്നാൾ ദിനമായ ധനുവിലെ ഭരണിയിലും മകരഭരണി ദിവസവും ക്ഷേത്രത്തിൽ ഭഗവതിയുടെ സമ്പൂർണ്ണരൂപം കളമെഴുതി പാട്ടും നടക്കുന്നുണ്ട്.

പണ്ട് കാലത്തു മുതലേ ശബരിമലയിലെ കളമെഴുത്തും പാട്ടിനും ഉള്ള പഞ്ചവർണ്ണപ്പൊടികൾ ഈ ക്ഷേത്രത്തിൽ നിന്നുമായിരുന്നു ആചാരപരമായി നൽകിയിരുന്നത് . അരിപ്പൊടി , മഞ്ഞൾപ്പൊടി , ഉമിക്കരി , വാകയിലപ്പൊടി , മഞ്ഞളും ചുണ്ണാമ്പും ചേർത്ത പൊടി എന്നീ പഞ്ചവർണ്ണപ്പൊടികൾ കൊടുക്കുന്ന ചടങ്ങ് ഇന്നും നിലനിൽക്കുന്നുണ്ട് . മധ്യ തിരുവിതാകൂറിൽ ഏറ്റവും അധികം വിവാഹം നടക്കുന്ന ഒരു ക്ഷേത്രമാണ് ഇവിടം . നവരാത്രിക്ക് ഇവിടത്തെ നവരാത്രി മണ്ഡപത്തിൽ നവദുർഗാസങ്കൽപ്പത്തിൽ പ്രത്യേക പൂജ നടക്കുന്നുണ്ട് . വിജയദശമിക്ക് ഇവിടെ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിയ്ക്കുന്നതു വലിയ ശ്രേഷ്ഠമായാണ് കരുതുന്നത് .

ഭരണത്തിരുനാളിന് ദേവീസവിധത്തിൽ ഭക്തർ ആപ്പിണ്ടി എടുക്കുന്നതും ദേവിയുടെ എഴുന്നെള്ളത്തിനു മുൻപിൽ സ്ത്രീകൾ താലപ്പൊലിഎടുക്കുന്നതും ഐശ്വര്യദായകമായി കരുതുന്നു തോട്ടമൺകാവ് ദേവസ്വത്തിന്റെ മേൽനോട്ടത്തിൽ അഞ്ചു പതിറ്റാണ്ടായിശ്രീദേവി മതപാഠശാല എന്ന നാമത്തിൽ മതപാഠശാല പ്രവർത്തിക്കുന്നുണ്ട് . ക്ഷേത്രത്തിൽ ദേവപ്രശ്നവിധിപ്രകാരം ധ്വജപ്രതിഷ്ഠ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് .

ഉപദേവതകൾ : ഗണപതി , ശിവൻ , ആനപ്പാറമല മലമൂർത്തി ,രക്ഷസ്സ്,യക്ഷി ,രക്തേശ്വരി , കരിങ്കാളി, നാഗരാജാവ്, നാഗരാജ്ഞി, നാഗകന്യക

റാന്നി തോട്ടമൺകാവിലെ പ്രധാന ആട്ടവിശേഷ ദിനങ്ങൾ
ചിങ്ങം – വിനായക ചതുർത്ഥി
കന്നി -നവരാത്രി വിജയദശമി വിദ്യാരംഭം
തുലാം – ആയില്യം പൂജ
വൃശ്ചികം – മണ്ഡലമഹോത്സവം ചിറപ്പ്, കളമെഴുത്തും പാട്ടും
ധനു – ഭരണിത്തിരുനാൾ. ആപ്പിണ്ടിയും വിളക്കുത്സവും
മകരം – രേവതി മഹോത്സവം , പ്രതിഷ്ഠാദിന ചടങ്ങുകൾ
കുംഭം – ശിവരാത്രി , കോട്ടകയറ്റം
മേടം – വിഷു ഉത്സവം
ഇടവം – മൂലക്ഷേത്ര പ്രതിഷ്ഠാ ദിനം
കർക്കടം -രാമായണ മാസാചരണം
എല്ലാ മലയാള മാസ ഒന്നാം തീയതിയും മൂലക്ഷേത്രത്തിൽ രാവിലെയും വൈകിട്ടും പ്രത്യേക ചടങ്ങുകൾ
എല്ലാ മലയാളമാസം ഒന്നിനും മഹിളാസമാജം അമ്മമാരുടെ നേതൃത്വത്തിൽ പുരാണപാരായണവും കഞ്ഞിവഴിപാടും.എല്ലാ വെള്ളിയാഴ്ചയും ലളിതനാമസ്തോത്രാലാപനവും നടക്കുന്നു .
എല്ലാ മാസവും ഭരണിക്ക് സമൂഹ ലളിതാസഹസ്രനാമ പൂജയും നടക്കുന്നു .
വിളിച്ചാൽ വിളിപ്പുറത്തെത്തിക്കൊണ്ട്, കരഞ്ഞാൽ കണ്ണീരൊപ്പിക്കൊണ്ട് , സകലർക്കും അനുഗ്രഹവും ഐശ്വര്യവും പ്രദാനം ചെയ്തുകൊണ്ട് വേതാളകണ്ഠസ്ഥിതയായി ചതുർബാഹുക്കളിൽആയുധങ്ങളും ഏന്തി ഭര ദേവതയായും കുലദേവതയായും ആഭിചാരമാരണ ,രോഗദുരിത ദാരിദ്ര നാശത്തിനും ദേശ സംരക്ഷണത്തിനുമായി തോട്ടമൺകാവിലമ്മയായി മംഗളത്തെ ചെയ്യുന്ന മംഗള സ്വരൂപിണിയായി സാക്ഷാൽ ഭദ്രകാളി റാന്നിയിൽ വിരാജിച്ചരുളുന്നു

പ്രധാനവഴിപാടുകൾ
ഗണപതിഹവനം , ത്രികാല പൂജ , രക്തപുഷ്പ്പാഞ്ജലി , ഭഗവതിസേവ, കടുംപായസം , രാക്ഷസിനു പാൽപായസം , വറനിവേദ്യം, രുധിരക്കലം, ചന്ദനംചാർത്ത്, ചുറ്റുവിളക്ക് , നാരങ്ങാവിളക്ക്, ആയില്യംപൂജ

Leave a Reply

Your email address will not be published. Required fields are marked *