കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവവൂരിലെ മേതല എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ കല്ലില് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒമ്പതാം നൂറ്റാണ്ടില് സ്ഥാപിച്ച കേരളത്തിലെ പ്രശസ്തമായ ജൈനക്ഷേത്രമായിരുന്നു കല്ലില് ക്ഷേത്രം ഇന്ന് കല്ലില് ഭഗവതി ക്ഷേത്രം എന്നാണറിയപ്പെടുന്നത്.
28 ഏക്കര് വിസ്തീര്ണ്ണമുള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളില് പണിത ഈ ക്ഷേത്രത്തില് എത്തുവാന് 120 പടികള് കയറണം. പെരുമ്പാവൂരില് നിന്നു 10 കിലോമീറ്റര് അകലെയാണ് ഈ ക്ഷേത്രം. കല്ല് എന്ന പദം ആദിദ്രാവിഡ ഭാഷയാണ്. കല്ല് + ഇല് = കല്ലില് എന്ന പദമുണ്ടായി. കുഴിക്കുക, മാളമുണ്ടാക്കുക എന്നൊക്കെ അര്ത്ഥമുള്ള ഈ പദത്തില് നിന്ന് കല്ലില് ക്ഷേത്രത്തിനു ഗുഹാക്ഷേത്രം എന്നര്ഥം വരും.
ക്ഷേത്രത്തിന്റെ കവാടം കടക്കുന്നിടം മുതല് പാറകള് നിറഞ്ഞ വഴിയും ചെറിയ കാടുകളും കാണാം. മുകളിലേക്കു ചെല്ലുംതോറും പാറക്കല്ലുകള് കൂടുതല് കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്കുള്ള പടികളത്രയും കരിങ്കല്ലില് തീര്ത്തതാണ്. പടികള് കയറിച്ചെല്ലുമ്പോള് കാണുന്ന ആനപ്പന്തലിന്റെ കരിങ്കല്ലില് തീര്ത്ത തൂണുകള് ആരെയും അദ്ഭുതപ്പെടുത്തും! പ്രദക്ഷിണവഴിയിലും ശ്രീകോവിലിനു മുന്നിലും നിലത്താകെയും കല്ലിന്റെ പാളികളാണ് പാകിയിരിക്കുന്നത്. ശ്രീകോവിലിനു മുന്നിലെ നമസ്‌ക്കാരമണ്ഡപമാകട്ടെ മേല്ക്കൂരയടക്കം മുഴുവനായും കരിങ്കല്ലില് തീര്ത്തതാണ്! ഭഗവതി ഇരുന്നരുളുന്ന ശ്രീകോവില് ഒരു പടുകൂറ്റന് കല്ലില് ഉണ്ടായിരുന്നതോ നിര്മ്മിക്കപ്പെട്ടതോ ആയ ഒരു ഗുഹയ്ക്കുള്ളിലാണ്.
ഗുഹാക്ഷേത്രമായതിനാല്ത്തന്നെ പതിവ് ക്ഷേത്രങ്ങളിലേതുപോലെ പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിനു പിന്നില് ചെന്ന് ദര്ശനം നടത്താന് ഇവിടെ സാധിക്കില്ല. ഭഗവതിയെ പ്രദക്ഷിണംവയ്ക്കുന്ന ഭക്തര് ശ്രീകോവില് സ്ഥിതി ചെയ്യുന്ന കല്ലിനെയും കൂടിയാണ് പ്രദക്ഷിണം വയ്ക്കുന്നത്! പ്രദക്ഷിണ വഴികളിലും കല്ലില് തീര്ത്ത പടവുകളിലും ചെറു ഗുഹകളിലും കല്ലുകളെ പിണഞ്ഞ് കാലങ്ങളായി ദേവിക്ക് പാദസേവ ചെയ്തു പോരുന്ന വേരുകളും നിറയെ കാണാം.
ഇങ്ങനെ അക്ഷരാര്ത്ഥത്തില് കല്ലില് അരുളുന്ന ദേവിയെയാണ് ഇവിടെ വന്നാല് കാണാനാവുക ചരിത്രം കല്ലില് ക്ഷേത്രം ആര്യാധിപത്യകാലത്തിനു മുമ്പ് പ്രസിദ്ധമായ ഒരു ജൈനഗുഹാക്ഷേത്രമായിരുന്നു. പിന്നീട് ബ്രാഹ്മണാധിപത്യകാലത്തോടെ സങ്കല്പങ്ങളും പ്രതിഷ്ഠയും ബ്രാഹ്മണീകരിക്കപ്പെട്ടു. ഗുഹാക്ഷേത്രങ്ങളുടെ ഉത്ഭവം ജൈനമതം നിലന്നിന്നിരുന്ന കാലത്താണ്. പ്രതിഷ്ഠകള് ദുര്ഗ്ഗയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഒരു പാറ തുരന്നുണ്ടാക്കിയ ഗുഹയിലാണ് ഭഗവതി പ്രതിഷ്ഠ. പഞ്ചലോഹകവചംകൊണ്ട് വിഗ്രഹം മൂടിയിരിക്കുന്നു. ഇത് യഥാര്ത്ഥത്തില് ജൈനമതത്തിലെ യക്ഷിയായ പദ്മാവതിയുടെ വിഗ്രഹമാണ്.
ബ്രഹ്മാവിന്റെ വിഗ്രഹം ഈ പാറമലയ്ക്കു മുകളില് കൊത്തി ഉണ്ടാക്കിയിരിക്കുന്നു. ബ്രഹ്മാവിന്റെ കൂടെ ശിവനും വിഷ്ണുവും കൂടിയുണ്ടെന്നാണ് സങ്കല്പം. അതു കൊണ്ട് ശിവനും വിഷ്ണുവിനും ഒപ്പം ബ്രഹ്മാവിനെയും ഇവിടെ പൂജിക്കുന്നു. ഈ വിഗ്രഹങ്ങള് പാര്ശ്വനാഥന്റെതും മഹാവീരന്റെതുമായിരുന്നു. ഗണപതി, ശാസ്താവ്, കരിനാഗയക്ഷി എന്നിവര് സാന്നിദ്ധ്യമരുളുന്നു.











