കൊല്ലം: കാട്ടിൽമേക്കതിൽ ശ്രീദേവി ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന് തൃക്കൊടിയേറ്റോടെ തുടക്കമായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തുറവൂർ ഉണ്ണികൃഷ്ണൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിലാണ് തൃക്കൊടിയേറ്റ ചടങ്ങുകൾ നടന്നത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ. പിന്നാലെ നാൽപതോളം കലാകാരന്മാർ പങ്കെടുത്ത പഞ്ചാരിമേളവും അരങ്ങേറി.
ഉദ്ഘാടന സമ്മേളനത്തിൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോയി പി. അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി സജി പി. സ്വാഗതം ആശംസിച്ചു. വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഭദ്രദീപം തെളിയിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ചികിത്സാ സഹായ വിതരണം നടത്തുകയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുകയും ചെയ്തു.
പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വൃശ്ചിക മഹോത്സവത്തിൽ തോറ്റംപാട്ട്, വിശേഷാൽ സമ്മേളനങ്ങൾ, എതിരേൽപ്പ്, സർപ്പബലി, പള്ളിവേട്ട, പൊങ്കാല, തിരുമുടി എഴുന്നള്ളത്ത്, ആറാട്ട് തുടങ്ങിയ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളും നടക്കും.
