കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ വളരെയധികം പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്ന ഒരു അനുഷ്ഠാനമാണ് മകരച്ചൊവ്വ.
മകരമാസത്തിലെ മുപ്പട്ടുചൊവ്വാഴ്ച്ച അതായത് മാസത്തിൽ ആദ്യം വരുന്ന ചൊവ്വാഴ്ച്ചയാണ് മകരച്ചൊവ്വയായി ആഘോഷിക്കുന്നത്. പ്രത്യേകിച്ചും ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷാൽ പൂജകൾ, തായമ്പക മുതലായ വാദ്യകലാപ്രകടനങ്ങൾ, പ്രത്യേക ദീപാലങ്കാരങ്ങൾ, പുഷ്പാലങ്കാരങ്ങൾ,പൂമൂടൽ,പൊങ്കാല ഉത്സവം എന്നിവ പതിവാണ്.
അന്നേ ദിവസം കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ ദേവീദർശനം വിശേഷമാണെന്നു പറയപ്പെടുന്നു.
നവഗ്രഹങ്ങളിലെ പ്രധാനികളിലൊന്നായ ചൊവ്വ മകരം രാശിയിൽ കൂടുതൽ ബലവാനാകും. ചൊവ്വയുടെ ഉച്ചക്ഷേത്രമെന്നാണ് മകരം രാശി അറിയപ്പെടുന്നത്.
ഈ കാരണത്താൽ കൂടിയാണ് എല്ലാമാസത്തിലേയും ആദ്യത്തെ ചൊവ്വാഴ്ചക്ക് പ്രാധാന്യം വർദ്ധിക്കുന്നത്. മകരമാസത്തിലെ മുപ്പട്ട് ചൊവ്വാഴ്ച കേരളത്തിലെ ദേവീ ക്ഷേത്രങ്ങളിൽ വളരെയധികം പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്.
ദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളി .അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്. മുപ്പട്ട് ചൊവ്വാഴ്ച ദിവസം നാമജപത്തോടെ ദേവീക്ഷേത്രദർശനം നടത്തി പൂജ തൊഴുതാൽ സർവൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. ലളിതാസഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്.
തെളിഞ്ഞ മനസ്സോടെയുള്ള ഭക്തൻ്റെ പ്രാർഥന ദേവി കേൾക്കാതിരിക്കില്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും ദുരിതങ്ങളെയും തരണം ചെയ്യാൻ അമ്മയുടെ കരുതലെന്ന പോലെ ദേവി ഭക്തനെ പ്രാപ്തനാക്കും.
സന്ധ്യക്ക് വിളക്ക് കൊളുത്തി ദേവീപ്രീതികരമായ നാമങ്ങളും മന്ത്രങ്ങളും ജപിച്ചാൽ കുടുംബൈശ്വര്യം വർധിക്കു. ദേവിയുടെ അനുഗ്രഹമുള്ള ഭവനത്തിൽ എപ്പോഴും ഐശ്വര്യം കളിയാടും . ദേവീ പ്രീതിയാൽ ഒരു ദുഷ്ട ശക്തിയും ദോഷങ്ങളും ബാധിക്കുകയുമില്ല.











